മലയോര മേഖലയിലെ ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കി
കാഞ്ഞങ്ങാട്: ഹോട്ടലിലും കൂൾബാറുകളിലും ആരോഗ്യവകുപ്പ് പരിശോധന കർശനമാക്കി. മലയോരത്തെ വിവിധ ഭക്ഷണശാലകളിൽ പഴകിയ സാധനങ്ങളും, കാലവധി കഴിഞ്ഞ സാധനങ്ങളും വിൽക്കുന്നതായി വ്യാപകമായി പരാതി ഉയർന്നതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.
പൂടംകല്ല് താലൂക്ക് ആശുപത്രിയുടെയും കള്ളാർ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹോട്ടൽ, ബേക്കറി, കൂൾബാർ, ഇറച്ചിക്കട തുടങ്ങി സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. എല്ലാ ആഴ്ചകളിലും പരിശോധന നടത്താനും കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എൻ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ വിമല, കെ ജോബി, കെ അജിത്ത് എന്നിവരുടെ നേതൃത്തിലാണ് പരിശോധന നടത്തിയത്.