മത്സ്യതൊഴിലാളികൾക്ക് ഭീഷണിയായി മീൻവലയിൽ അട്ടകൾ
പള്ളിക്കര മുതൽ കോട്ടിക്കുളം ഭാഗത്താണ് അട്ടശല്യം ഏറെ
പാലക്കുന്ന് : അട്ടജീവി ശല്യം മൂലം കടലിൽ പോകാനാവാതെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.
പള്ളിക്കര, ബേക്കൽ, കോട്ടിക്കുളം ഭാഗത്തെ മത്സ്യതൊഴിലാളികളാണ് ഒരാഴ്ചയിലേറെയായി അട്ട ശല്യം നേരിടുന്നത്. മത്സ്യങ്ങളെക്കാളേറെ അട്ടകളാണ് വലയിൽ കുടുങ്ങുന്നതെന്ന് തൊഴിലാളികൾ പറയുന്നു . ഇവ വേർതിരിക്കാൻ കരയിൽ അവർ പാടുപെടുന്നു. മത്സ്യങ്ങളെ വേർതിരിച്ച ശേഷം ഉപ്പ് കലരാത്ത വെള്ളത്തിൽ വല ഏറെ നേരം കുതിർത്ത് വെക്കും. പിന്നീട് വല ശക്തിയോടെ കുടയുമ്പോൾ അട്ടകൾ പുറത്തു വീഴുമെങ്കിലും ശേഷിക്കുന്നവ കൈകൊണ്ട് പെറുക്കി കളയണം. അതിനാൽ അട്ടയുടെ കടിയേൽക്കുന്നവരും ഏറെയാണെന്ന് അവർ പറയുന്നു.വലയ്ക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ടത്രേ. ജില്ലയിൽ പലേടത്തും അട്ടശല്യം മീൻ പിടുത്തക്കാർക്ക് ഭീഷണിയാകുന്നു വെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ല സെക്രട്ടറി ശംബു ബേക്കൽ പറയുന്നു. തീരദേശ വാസികൾക്ക് കോവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച 3000 രൂപ സമാശ്വാസം ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഇതുവരെ നൽകിയിട്ടില്ലെന്നും തുക ഉടനെ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.