മകനും ഭാര്യയും സുഹൃത്തും ചേര്‍ന്ന് കത്തിയും മരപ്പലകയുമായി അക്രമിച്ചു : ഗൃഹനാഥന്റെ
പരാതിയില്‍ കേസെടുത്തു
കാസര്‍കോട്: മകനും ഭാര്യയും സുഹൃത്തും ചേര്‍ന്ന് മാരകമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതി.
ചട്ടഞ്ചാല്‍ മാഹിനാബാദിലെ മുഹമ്മദിന്റെ മകന് എസ്. അബ്ദുല്ല കുഞ്ഞിയുടെ പരാതിയില്‍ ഭീഷണിപ്പെടുത്തിയതിനും മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ച് പരിക്കേല്‍പ്പിച്ചതിനും മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യ സീനത്ത് (43), മകന് അസ്ഹറുദ്ദീന് (25), ചട്ടഞ്ചാലിലെ വണ്ടി ഹാരിസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനാണ് അബ്ദുല്ലക്കുഞ്ഞി. ചൊവ്വാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ മകളെ ബോര്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട സംസാരം തര്‍ക്കത്തിലാവുകയും വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ മകന് അസ്ഹറുദ്ദീന് വാക്കത്തിയുമായി വന്ന് അബ്ദുല്ലക്കുഞ്ഞിക്ക് നേര്‍ക്ക് കൊല്ലുമെന്ന് ആക്രോശിച്ച് വീശിയതായി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
അക്രമം തടയുന്നതിനിടെ കത്തി കൊണ്ട് കൈക്ക് പരിക്കേല്‍ക്കുകയും ഓടിരക്ഷപ്പെടുന്നതിനിടെ മരപ്പലക കൊണ്ട് തന്നെ മര്‍ദിക്കുകയായിരുന്നുവത്രെ. അതിനിടെ സീനത്ത് എറിഞ്ഞ കല്ല് തന്റെ കാലില്‍ തട്ടുകയും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്കു പോകുന്നതിനിടെ കാറിലെത്തിയ വണ്ടി ഹാരിസ് വഴിയില്‍ തടഞ്ഞുവെച്ചും അടിച്ചും തൊഴിച്ചും മര്‍ദിച്ചതായും പരാതിയിലുണ്ട്.
അക്രമത്തില്‍ കയ്യിനും കാലിലും കണ്ണിനും സാരമായ പരിക്കുണ്ട്. ചട്ടഞ്ചാലിലെ ഒരു യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വണ്ടി ഹാരിസ് ഇതിനു മുമ്പും പലതവണ തന്നെ ഭീഷണിപ്പെടുത്തിയതായും അബ്ദുല്ലക്കുഞ്ഞി പറയുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷിച്ചുവരുന്നു.