മൂന്നര വയസുകാരന്റെ മരണത്തിൽ ദുരൂഹത; കുട്ടിയുടെ മാതാവ് കസ്റ്റഡിയിൽ, ആശുപത്രിയിൽ എത്തിച്ച ശേഷം മുങ്ങിയ രണ്ടാനച്ഛനായി തെരച്ചിൽ
മലപ്പുറം: തിരൂരിലെ മൂന്നരവയസുകാരന്റെ മരണത്തിൽ ദുരൂഹത. ഇന്നലെ വൈകിട്ടാണ് ബംഗാൾ സ്വദേശിയായ മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജ് മരിച്ചത്. തലയിൽ ക്ഷതമേറ്റതിന്റെ പാടുകളുണ്ട്. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ രണ്ടാനച്ഛന് അര്‍മാനായി തെരച്ചിൽ തുടരുന്നു.ശരീരത്തിൽ ഗുരുതര പരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ അർമാൻ ആശുപത്രിയിൽ നിന്ന് മുങ്ങി. കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകമാണോയെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.മുംതാസിന്റെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വർഷം മുൻപാണ് റഫീക്കും മുംതാസും വേർപിരിഞ്ഞത്. അതിനുശേഷമാണ് യുവതി അർമാനെ വിവാഹം കഴിച്ചത്. ദമ്പതികൾ കഴിഞ്ഞമാസമാണ് തിരൂരിലേക്ക് താമസം മാറ്റിയത്. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സിലാണ് ഇവർ താമസിക്കുന്നത്.