കാസര്‍കോട് സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ തട്ടികൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസ്; രണ്ടുപേർ കസ്റ്റഡിയിൽ
കാസര്‍കോട് :സ്വര്‍ണ വ്യാപാരിയുടെ ഡ്രൈവറെ കാര്‍ സഹിതം തട്ടികൊണ്ടു പോയി 65 ലക്ഷം രൂപ കൊള്ളയടിച്ചെന്ന കേസില്‍ രണ്ടുപേർ കസ്റ്റഡിയിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവ് അടക്കമാണ് കസ്റ്റഡിയിലുള്ളത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
സമാനമായ രീതിയിൽ സ്വർണം തട്ടിപ്പറിക്കുന്ന നിരവധി കേസുകൾ പല സ്റ്റേഷനുകളിലായി കസ്റ്റഡിയിൽ ഉള്ളവർക്കെതിരെ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവ് ഒരു കൊലക്കേസിലും പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
2021 സപ്തംബർ 22 ന് ഉച്ചയോടെ മൊഗ്രാല്‍ പുത്തൂർ പാലത്തിന് സമീപത്ത് നിന്നും തലശേരിയിലേക്ക് കാറിൽ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേർ അറസ്റ്റിലായിരുന്നു. പ്രതികളുടെ താമസ സ്ഥലങ്ങളിലായി നടത്തിയ റെയ്ഡുകളിൽ ഇതുവരെ 35 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഇനിയും എഴ് പേർകൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് പറയുന്നത്.