ഇനി പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിൽ മിടിക്കും; ചരിത്രനേട്ടം കുറിച്ച് അമേരിക്ക
വാഷിംഗ്ടൺ: അൻപത്തിയേഴുകാരനിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വിജയകരമായി ഘടിപ്പിച്ച് അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ദ്ധർ. ഡേവിഡ് ബെന്നറ്റ് എന്നയാളിലാണ് ശസ്ത്രക്രിയ നടന്നത്. ഇതോടെ അവയവം മാറ്റിവയ്ക്കലിനുള്ള ലഭ്യതക്കുറവ് പരിഹരിക്കാനാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് മെറിലാൻഡ് മെഡിക്കൽ സ്കൂളിലാണ് ചരിത്രസംഭവം നടന്നത്. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മനുഷ്യരുടെ ഹൃദയം സ്വീകരിക്കുന്നത് അപകടമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് പന്നിയുടെ ഹൃദയം ഡേവിഡിൽ ഘടിപ്പിക്കാൻ തീരുമാനിക്കുന്നത്. രോഗി പതിയെ സുഖം പ്രാപിക്കുകയാണെന്നും ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.ഒന്നുങ്കിൽ മരിക്കുക ഇല്ലെങ്കിൽ അവയവം മാറ്റിവയ്ക്കുക എന്ന അവസ്ഥയിലാണെന്നും താൻ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ശസ്ത്രക്രിയയ്ക്ക് മുൻപായി മെറിലാൻഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് പറഞ്ഞിരുന്നു.ഹൃദയ സംബന്ധമായ രോഗം മൂലം മാസങ്ങളായി ഡേവിഡ് കിടപ്പിലായിരുന്നു.ഇതൊരു വലിയ നേട്ടമാണെന്നും ഇതിലൂടെ അവയവം മാറ്റിവയ്ക്കലിലെ ദൗർല്യത്തിന് പരിഹാരമാകുമെന്നും ശസ്ത്രക്രിയ ചെയ്ത ഡോക്ടർ ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു. വിർജിനയിലെ ബയോടെക് കമ്പനിയായ റെവിവികോർ ആണ് പന്നിയുടെ ഹൃദയത്തിൽ ജനിതകമാറ്റം വരുത്തിയത്. പന്നികൾ അവയുടെ വലിപ്പം, ദ്രുതഗതിയിലുള്ള വളർച്ച, ഭക്ഷണ സ്രോതസ്സ് എന്നീ കാരണങ്ങളാൽ മനുഷ്യരിൽ അനുയോജ്യമായ ദാതാക്കളാണ്.