അമ്മയോട് സഹപ്രവർത്തകർ പറഞ്ഞത് മകന് അപകടം പറ്റിയെന്ന് മാത്രം, വീട്ടിലെത്തിയപ്പോൾ നിറയെ ആളുകൾ; ധീരജിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
കണ്ണൂർ: കൊല്ലപ്പെട്ട എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇടുക്കി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്റെ വേർപാട് ഉറ്റവർക്ക് താങ്ങാൻ കഴിഞ്ഞിട്ടില്ല.ധീരജിന്റെ അമ്മ പുഷ്പകല കൂവോട് സർക്കാർ ആയുർവേദ ആശുപത്രിയിലെ നഴ്സാണ്. പതിവുപോലെ ഇന്നലെയും വീട്ടിൽ നിന്ന് രണ്ട്കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ശേഷം മകന് അപകടം പറ്റിയെന്ന് സഹപ്രവർത്തകർ അറിയിക്കുകയായിരുന്നു. തുടർന്ന് യൂണിഫോം പോലും മാറ്റാതെ വീട്ടിലേക്കോടി.വീട്ടിലെത്തിയപ്പോൾ നാട്ടുകാരെയും പൊലീസിനെയുമൊക്കെ കണ്ടതോടെ എന്തോ സംഭവിച്ചെന്ന് മനസിലായി നിലവിളിക്കാൻ തുടങ്ങി. വൈകിട്ട് അഞ്ച് മണിയോടെ സിപിഎം നേതാക്കളാണ് കൊലപാതക വിവരം പുഷ്പലതയെ അറിയിച്ചത്. ധീരജിന്റെ പിതാവ് രാജേന്ദ്രനും തകർന്ന നിലയിലായിരുന്നു.