കേസ് കള്ളക്കഥ, തെളിവുകൾ വ്യാജമായി ഉണ്ടാക്കിയത്; മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയിൽ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്നത് കള്ളക്കഥയാണെന്നാണ് ഹർജിയിൽ പറയുന്നത്. ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നത് തടയാനുള്ള ശ്രമമാണെന്നും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത നീക്കമാണിതെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു.നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ദിലീപിനെതിരെ അന്വേഷണം നടത്തിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ആറുപേരെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, ദിലീപിന്റെ ഡ്രൈവർ അപ്പു, ചെങ്ങമനാട് സ്വദേശി ബൈജു എന്നിവരും പേരറിയാത്ത ഒരാൾക്കുമെതിരെയാണ് കേസ്. വധഭീഷണി മുഴക്കിയതിനും അതിനായി ഗൂഢാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം ബൈജു പൗലോസ്, കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദർശൻ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നാണ് ദൃക്സാക്ഷി മൊഴി നൽകിയിരിക്കുന്നത്. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും മറ്റ് പ്രതികളുടെയും സംഭാഷണങ്ങളുടെ ശബ്ദരേഖയും ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.