കണ്ണൂർ വിമാനത്താവളത്തിൽ 84 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ; ഗുളിക രൂപത്തിലാക്കി ശരീരത്തിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെടുത്തത്
മട്ടന്നൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. രഹസ്യമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 84 ലക്ഷം രൂപയുടെ സ്വർണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. 84 ലക്ഷം രൂപ വരുന്ന 1,734 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്.
ഞായറാഴ്ച പുലർചെ ദുബൈയിൽ നിന്നെത്തിയ എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായിരുന്ന ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നിഖിൽ, കോഴിക്കോട്ടെ പ്രണവ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
നിഖിലിൽ നിന്നും 49 ലക്ഷം രൂപ വരുന്ന 1,008 ഗ്രാം സ്വർണവും പ്രണവിൽ നിന്ന് 35 ലക്ഷം വരുന്ന 726 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് കേന്ദ്രങ്ങൾ പറഞ്ഞു. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗുളികകളാക്കിയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്.
കസ്റ്റംസ് അസി. കമീഷനർ ഇ വികാസ്, സൂപ്രണ്ടുമാരായ കെ സുകുമാരൻ, സി വി മാധവൻ, ഇൻസ്പെക്ടർമാരായ എൻ അശോക് കുമാർ, മനോജ് കുമാർ, സന്ദീപ് കുമാർ, മനീഷ് കുമാർ, ഹെഡ് ഹവിൽദാർ എം വി വത്സല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണൂർ വിമാനത്താവളത്തിൽ ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ സ്വർണ വേട്ടയാണിത്.