ഈ സ്കൂളിലെ അദ്ധ്യാപകരെ ഇനിമുതൽ ‘സർ’ അല്ലെങ്കിൽ ‘മാഡം’ എന്ന് വിളിക്കാൻ പാടില്ല; മാതൃകാപരമായ തീരുമാനവുമായി കേരളത്തിലെ ഒരു സ്കൂൾ
പാലക്കാട്: അദ്ധ്യാപകരെ അഭിസംബോധന ചെയ്യുന്നതിൽ ലിംഗ നിഷ്പക്ഷത കൊണ്ടുവന്നിരിക്കുകയാണ് ഓലശ്ശേരി വില്ലേജിലെ സീനിയർ ബേസിക് സ്കൂൾ. ഇനി മുതൽ സ്കൂളിലെ കുട്ടികൾ അദ്ധ്യാപകരെ സാർ, അല്ലെങ്കിൽ മാഡം എന്നതിനു പകരം ‘ടീച്ചർ’ എന്നാകും വിളിക്കുക. ഇതോടെ ലിംഗ നിഷ്പക്ഷത നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സ്കൂളായി മാറിയിരിക്കുകയാണ് പാലക്കാട് ജില്ലയിലെ സീനിയർ ബേസിക് സ്കൂൾ.ഒൻപത് സ്ത്രീ അദ്ധ്യാപകരും എട്ട് പുരുഷ അദ്ധ്യാപകരും 300 വിദ്യാർത്ഥികളുമാണ് സ്കൂളിലുള്ളത്. ഈ ആശയം ആദ്യം നിർദ്ദേശിച്ചത് സ്കൂളിലെ ഒരു പുരുഷ അദ്ധ്യാപകനാണെന്ന് ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച് പറഞ്ഞു. അദ്ധ്യാപകരെ അവരുടെ പദവി അനുസരിച്ചാണ് അല്ലാതെ ലിംഗഭേദം കൊണ്ടല്ല അഭിസംബോധന ചെയ്യേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ നിരവധി സ്കൂളുകൾ ലിംഗ നിഷ്പക്ഷ യൂണിഫോമിനെ പിന്തുണച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കേരളത്തിലെ പത്തിലധികം സ്കൂളുകളിലാണ് യൂണിഫോമിൽ ലിംഗസമത്വം നടപ്പിലാക്കിയത്. സംസ്ഥാനത്തുടനീളം ഇത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. നിരവധി സ്ത്രീകളാണ് ഈ തീരുമാനത്തെ പിന്തുണച്ചത്.കഴിഞ്ഞ വർഷം പാലക്കാട് ജില്ലയിൽ തന്നെയുള്ള മാത്തൂർ പഞ്ചായത്ത് ഭരണസമിതി അവിടുത്തെ ജീവനക്കാരെയും മറ്റ് അംഗങ്ങളെയും സർ അല്ലെങ്കിൽ മാഡം എന്ന് വിളിക്കുന്നതിന് പകരം അവരുടെ പദവി ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ ഈ തീരുമാനം സ്കൂളിനെ സ്വാധീനിച്ചെന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. ഈ തീരുമാനത്തെ രക്ഷിതാക്കളും സ്വാഗതം ചെയ്തു.