മടിക്കൈയുടെ ചുവന്ന മണ്ണിൽ ആവേശം വിതറി എഴുത്തിന്റെ ദേശപ്പെരുമ.
കാഞ്ഞങ്ങാട്:പ്രാദേശിക എഴുത്തുകളുടെയും ചരിത്രത്തിന്റെയും സ്മരണകൾ അയവിറക്കി മടിക്കൈയുടെ ചുവന്ന മണ്ണിൽ ആവേശം വിതറി എഴുത്തിന്റെ ദേശപ്പെരുമ. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മടിക്കൈ അമ്പലത്തുകര പാലമരച്ചോട്ടിൽ നടന്ന കൂടിച്ചേരൽ എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. ടോൾസ്റ്റോയിയുടെ കഥകൾ മലയാളത്തിലേക്ക് ആദ്യമായി വിവർത്തനം ചെയ്ത മടിക്കൈയിലെ എ സി കണ്ണൻ നായരുടെ സ്മരണകളിലായിരുന്നു ചടങ്ങ്.
ഇ പി രാജഗോപാലൻ മോഡറേറ്ററായി. സന്തോഷ് ഏച്ചിക്കാനം, പി വി കെ പനയാൽ, പി വി ഷാജികുമാർ, സന്തോഷ് പനയാൽ, നാരായണൻ അമ്പലത്തറ, ബാലചന്ദ്രൻ എരവിൽ, ഉപേന്ദ്രൻ മടിക്കൈ, ബാലകൃഷ്ണൻ ചെർക്കള, ഇബ്രാഹിം ചെർക്കള, സുധ എസ് നന്ദൻ, പ്രേംകുമാർ രാവണീശ്വരം, രാജൻ കൊടക്കാട്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതവും കെ വി പ്രമോദ് നന്ദിയും പറഞ്ഞു.
ഇ പി രാജഗോപാലൻ
സ്വന്തം പാരമ്പര്യം കണ്ടെത്തുകയാണ് എഴുത്തുകാർ ചെയ്യുന്നത്. എന്റെ കഥയിൽ വസന്തവും വസൂരിയും ഉണ്ടെന്നാണ് നെരൂദ പറഞ്ഞത്. ഞാൻ പുള്ളിമാനെ കാണുന്നതോടൊപ്പം അതിന്റെ പിന്നാലെ ഓടുന്ന പുള്ളിപ്പുലിയെയും കാണുന്നു എന്നായിരുന്നു വൈലോപ്പിള്ളിയുടെ പ്രയോഗം. എല്ലാ മനുഷ്യരും കൂടിച്ചേരുന്ന വൈവിദ്ധ്യമാണ് ഇന്ത്യയുടെ പ്രത്യേകത. പക്ഷെ, പുതിയ കാലത്ത് തന്റെ മതത്തിൽ പെടാത്തവരോടെല്ലാം പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിക്കപ്പെടുന്നു.
അശോകൻ ചരുവിൽ
സമൂഹം നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിനാൽ ഉത്തര മലബാറിലെ എഴുത്തുകാർക്ക് സൂക്ഷ്മതയുണ്ട്. അവർക്കിന്ന് മുമ്പില്ലാത്ത വിധം സാമൂഹിക ഉത്തരവാദിത്വമുണ്ട്. ഇന്ത്യയിലെ വൈവിദ്ധ്യങ്ങളെ എതിർത്ത് തോൽപ്പിക്കാൻ വാളുമായി ഇറങ്ങിയ ശക്തി ഇന്ന് അധികാരത്തിലെത്തി. വിദ്യാഭ്യാസ രംഗത്തും മാദ്ധ്യമ രംഗത്തുമെല്ലാം അവർ തെറ്റായ രീതിയിൽ ഇടപെടുന്നു.
സന്തോഷ് ഏച്ചിക്കാനം
മടിക്കൈയിലെത്തിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ഒരുമയുടെ രാഷ്ട്രീയം കാണിച്ചത് ഈ മണ്ണാണ്. ദേശപ്പെരുമയുടെയും ഒരുമയുടെയും ഓർമ്മയാണ് പ്രാദേശികത മുന്നോട്ട് വെക്കുന്ന ആശയം. പ്രാദേശികതയ്ക്ക് നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ഒരു രസതന്ത്രമുണ്ട്. ജനങ്ങളെ വിഭാഗീയതയിലേക്ക് നയിക്കുന്ന പ്രത്യയ ശാസ്ത്രം തകർക്കപ്പെടണം. കർഷക സമരം തോറ്റിരുന്നെങ്കിൽ ഇന്ത്യയുടെ ഭാവി തീർന്നേനെ.
പി വി കെ പനയാൽ
ചരിത്രത്തിൽ ഇടം കിട്ടാതെ പോയ മനുഷ്യരും തെറ്റായി രേഖപ്പെടുത്തപ്പെട്ടവരുമാണ് പ്രാദേശിക എഴുത്തുകാർക്കുള്ള വിഭവങ്ങൾ. ചരിത്രത്തിൽ തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും ആവശ്യമാണ്.
പി വി ഷാജികുമാർ
മറ്റുള്ളവരുടെ ജീവിതം മനോഹരമായി മോഷ്ടിക്കുന്നയാളാണ് നല്ല എഴുത്തുകാരൻ. ആചാരങ്ങളെല്ലാം മനുഷ്യ നിർമ്മിതമാണ്. ഓരോ ദേശങ്ങളുടെയും അനുഭവങ്ങളാണ് അവിടത്തെ ആചാരങ്ങൾ