ധവള വിപ്ലവം സൃഷ്ടിച്ച മടിക്കൈയിൽ മൃഗാശുപത്രിയുടെ സേവനം പരിതാപകരം
മടിക്കൈ: ധവള വിപ്ലവം സൃഷ്ടിച്ച മടിക്കൈയിൽ മൃഗാശുപത്രിയുടെ സേവനം സംബന്ധിച്ച് ക്ഷീര കർഷകർക്കിടയിൽ അതൃപ്തി. ഡോക്ടറുടെ സേവനം കാര്യക്ഷമമല്ലെന്ന് കർഷകർ പറയുന്നു. മുൻകാലങ്ങളിലെല്ലാം വീടുകളിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇന്ന് ആ സൗകര്യമില്ല. സങ്കരയിനം പശുക്കളുമായി ആശുപത്രിയിൽ വരാനാകുമോയെന്നാണ് ഇവരുടെ ചോദ്യം.
പഞ്ചായത്തിൽ പൂത്തക്കാൽ, കാഞ്ഞിരപ്പൊയിൽ, എരിക്കുളം, ബങ്കളം എന്നിവിടങ്ങളിൽ ഉപകേന്ദ്രങ്ങളുമുണ്ട്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരെ പരിശീലനത്തിനും മറ്റ് പഞ്ചായത്തുകളിൽ കുളമ്പ് രോഗത്തിന്റെ ചുമതലയും നൽകി കൂട്ടത്തോടെ അയക്കുമ്പോൾ തങ്ങൾ എന്ത് ചെയ്യുമെന്നാണ് ചോദ്യം.
മൃഗാശുപത്രിയിലെ ഡോക്ടർമാർ മൂന്ന് മണി വരെയുള്ള ആശുപത്രിയിലെ സേവനത്തിനിടയിൽ അത്യാഹിതം സംഭവിച്ചാൽ പുറത്തും പോകണമെന്നാണ് ചട്ടം. മടിക്കൈയേക്കാൾ പ്രയാസം അനുഭവിക്കുന്ന സമീപ പഞ്ചായത്തുകളുമുണ്ട്. ചിലയിടത്ത് രണ്ടായിരം രൂപ വരെ ഫീൽഡ് സന്ദർശനത്തിന് ഈടാക്കുമ്പോൾ ഇവിടെ ഇത്തരം ചൂഷണം കുറവാണ്. കൃത്രിമ ബീജദാനം സംസ്ഥാനത്ത് സൗജന്യമെങ്കിലും എല്ലായിടത്തും പണം ഈടാക്കുന്നുണ്ട്. ഫീൽഡിൽ പോകുന്നതിന് നിശ്ചിത ഫീസ് നിശ്ചയിച്ചാൽ ഇതിന് നിയന്ത്രണമാകാം.
പൂത്തക്കാലും ബങ്കളത്തും കാഞ്ഞിരപ്പൊയിലിലും മൃഗസംരക്ഷണ ഉപകേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും ഇല്ലെന്ന പരിമിതിയുമുണ്ട്. പഞ്ചായത്ത് ഭരണകൂടം മരുന്നിനൊക്കെ സഹായം നൽകുന്നുണ്ട്. അതേസമയം ജില്ലയിലെ പല ആശുപത്രികളിലും മരുന്നിന് ക്ഷാമമുണ്ട്. കാലിത്തീറ്റ വിലക്കയറ്റവും ക്ഷീരകർഷകരെ ബാധിക്കുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ക്ഷീരമേഖലയെ ഉൾപ്പെടുത്തിയാൽ ആശ്വാസമാകും.
83 നാടൻ പശുക്കൾ, 1573 സങ്കരയിനം പശുക്കൾ, 12 കാള, 31 എരുമ, 26442 കോഴി, 110 താറാവ്, 26 ടർക്കി കോഴി, 281 പന്നി, 71 മുയൽ എന്നിങ്ങനെയാണ് എണ്ണം.