തലസ്ഥാനത്ത് വീണ്ടും ഗുണ്ടാആക്രമണം; പൊലീസുദ്യോഗസ്ഥയ്ക്കും കുടുംബത്തിനും ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ വീണ്ടും ഗുണ്ടാആക്രമണം. ധനുവച്ചപുരം പരുത്തിവിള സ്വദേശി ബിജുവിന്റെ വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. സംഭവത്തിൽ വനിതാപൊലീസ് ഉൾപ്പെടെ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.പത്തോളം പേരടങ്ങുന്ന ഗുണ്ടാസംഘത്തിലെ ഒരാളെ നാട്ടുകാരാണ് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്. നെയ്യാറ്റിൻകര മഞ്ചവിളാകം സ്വദേശി സതീഷാണ് പിടിയിലായത്. അതേസമയം, രണ്ടുപേർ പിടിയിലായിട്ടുണ്ടെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ബിജുവിനെ കൂടാതെ ഭാര്യ ഷിജി, പൊലീസുദ്യോഗസ്ഥയും സഹോദരിയുമായ ഷീജ, മറ്റൊരു സഹോദരി സോണിയ എന്നിവർക്കാണ് പരിക്കേറ്റത്.മറ്റൊരു കേസിൽ പെട്ട് ഒഴിവിൽ കഴിയുകയായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഇവരെ വീടുകയറി ആക്രമിച്ചത്. പരിക്കേറ്റവരെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.