അമ്മ പൊള്ളിച്ചു’ വേദനയിലും തന്റെ ശരീരം പൊള്ളിച്ച അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് കുരുന്ന്; തെറ്റ് ഏറ്റുപറഞ്ഞ് അമ്മയും
ഇടുക്കി: അഞ്ചു വയസുകാരൻ വീടിന് പുറത്ത് പോയി ഓടിക്കളിക്കുന്നത് തടയാൻ കാൽവെള്ളയിലും ദേഹത്തും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. പൊള്ളലേറ്റ ഭാഗത്ത് പഴുപ്പ് ബാധിച്ചതോടെ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് ശാന്തൻപാറ പൊലീസ് അറിയിച്ചു.നാലു ദിവസം മുൻപ് ശാന്തൻപാറ പേത്തൊട്ടിയിലാണ് സംഭവം നടന്നത്. തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മകനാണ് പൊള്ളലേറ്റത്. സ്റ്റീൽ തവിയുടെ അറ്റം അടുപ്പിൽ വച്ച് ചൂടാക്കിയാണ് കുട്ടിയുടെ ഇടതു കാൽപാദത്തിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത്. അച്ഛനും അമ്മയും തോട്ടത്തിൽ ജോലിക്കു പോകുമ്പോൾ കുട്ടി വീടിനു പുറത്ത് കാട്ടിലേയ്ക്ക് ഓടിപ്പോകുന്നതിലുള്ള ദേഷ്യം തീർക്കാനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ പൊലീസിന് നൽകിയ മറുപടി. പൊള്ളലേൽപ്പിച്ച ശേഷം ഇവർ കുട്ടിയുമായി തമിഴ്നാട്ടിലേയ്ക്ക് പോയി. ശേഷം കഴിഞ്ഞ ദിവസമാണ് ഇവർ തിരിച്ചെത്തിയത്. വീടിനു പുറത്ത് കുട്ടിയെ കാണാത്തതിനെ തുടർന്ന് സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് പൊള്ളലേറ്റതിനാൽ കുട്ടിയ്ക്ക് നടക്കാനാകില്ലെന്ന് അറിഞ്ഞത്. ഇവരാണ് സംഭവം ചൈൽഡ്ലൈൻ അധികൃതരെ അറിയിച്ചത്. ഉദ്യോഗസ്ഥരെത്തി കുട്ടിയെ ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.ആശുപത്രിയിലെത്തിയ കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് പൊലീസ് ചോദിച്ചപ്പോൾ ‘അമ്മ ചൂടുവച്ചു’ എന്ന് അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നിഷ്കളങ്കമായാണ് കുട്ടി മറുപടി നൽകിയത്. ‘കുസൃതി കൂടുതലാണ്, കാട്ടിലേയ്ക്ക് ഓടിപ്പോകാതിരിക്കാനാണ് ചൂടുവച്ചത്, സംഭവിച്ചുപോയി’ എന്ന് അമ്മയും പൊട്ടിക്കരഞ്ഞുകൊണ്ട് പൊലീസിനോട് തെറ്റ് ഏറ്റുപറഞ്ഞു.നിലവിൽ അമ്മ കുട്ടിയ്ക്കൊപ്പം ആശുപത്രിയിൽ കഴിയുകയാണ്. ഇന്ന് അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ ചികിത്സാ ചിലവ് വഹിക്കാനും സംരക്ഷണം ഏറ്റെടുക്കാനും തയ്യാറാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എം ജി ഗീത അറിയിച്ചു.