ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതികളിലൊരാള്‍ വധശിക്ഷക്കെതിരെ നല്കിയ പുനഃപരിശോധനാ ഹരജി തള്ളണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാവ് സുപ്രീംകോടതിയില്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂറാണ് പുനഃപരിശോധനാ ഹരജി നല്‍കിയിട്ടുള്ളത്. അക്ഷയ് ഠാക്കൂറിന്റെ ഹരജി സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഡിസംബര്‍ 17 നാണ് പരിഗണിക്കുക. എന്നാല്‍ ഇത് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍ഭയയുടെ അമ്മ ആശാദേവി സുപ്രീംകോടതിയെ സമീപിച്ചത്.
നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആശാദേവി സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി ഡിസംബര്‍ 18 ലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളിലൊരാളുടെ പുനഃപരിശോധനാ ഹരജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അതില്‍ തീര്‍പ്പാകാതെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവിടാനാകില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ഏഴു വര്‍ഷമായി താന്‍ നീതിക്കായി പേരാടുകയാണ്. ഇനിയും കാത്തിരിക്കാന്‍ ആകില്ല. തന്റെ ഹരജി പരിഗണിച്ച് ഡിസംബര്‍ 18ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് പുറപ്പെടുവിക്കണം. വിധി നടപ്പാക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്നും ആശാദേവി പറഞ്ഞു.