തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം, പൊലീസ് വെടിവച്ചുകൊന്നത് രണ്ട് കൊലക്കേസ് പ്രതികളെ
ചെന്നൈ: തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ കൊലപാതകം. പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് കൊലക്കേസ് പ്രതികളാണ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്. ചെങ്കൽപേട്ട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നുപുലർച്ചെയായിരുന്നു സംഭവം. രക്ഷപ്പെട്ട മൂന്നാമനായി തിരച്ചിൽ ആരംഭിച്ചു.ദിനേഷ്, മൊയ്തീൻ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷന് സമീപം കാർത്തിക്, മഹേഷ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവർ പൊലീസിനുനേരെ ബോംബെറിയുകയായിരുന്നു. തുടർന്നായിരുന്നു ഇവരെ വെടിവച്ചുകൊന്നതെന്നാണ് റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യാേഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.