പിന്നില്‍ നിന്ന് കുത്തിയവര്‍ പുറത്താകും’; അച്ചടക്കസമിതി റിപ്പോര്‍ട്ടില്‍ കടുത്ത നടപടിയുമായി കെ.പി.സി.സി
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി അച്ചടക്കസമിതി. തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച മേഖലാ സമിതി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാകും നടപടി. അഞ്ച് മേഖലാ കമ്മിറ്റികള്‍ നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ച് കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് റിപ്പോര്‍ട്ട് കൈമാറി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കാലുവാരിയവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് കെപിസിസി നിലപാട്. കെ സുധാകരന് ഇക്കാര്യം തിരുവഞ്ചൂരിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി പരിശോധിച്ച റിപ്പോര്‍ട്ടുകള്‍ അച്ചടക്ക സമിതി വീണ്ടും പരിശോധിച്ച് നടപടിയുണ്ടാകും.
റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിച്ചവര്‍ക്ക് നോട്ടീസ് നല്കി വിശദീകരണം കേട്ട ശേഷമാകും നടപടി. സ്ഥാനാര്‍ത്ഥിമോഹികളായ ചിലരും, യുവസ്ഥാനാര്ത്ഥികള്ക്കെതിരെ രംഗത്തിറങ്ങിയ മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെയും പേരുകള്‍ അന്വേഷണ സമിതി റിപ്പോര്‍ട്ടിലുണ്ട്. ഡിസിസി, കെപിസിസി നേതാക്കളില്‍ ചിലരും സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങിയെന്നും പരാതി ഉയര്‍ന്നിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തോടടുക്കുമ്പോഴും നടപടിയുണ്ടാകാത്തതില്‍ പാര്‍ട്ടിക്കകത്ത് തന്നെ മുറുമുറുപ്പ് രൂപം കൊണ്ടിട്ടുണ്ട്. സെമി കേഡര്‍ ശൈലിയിലേക്ക് മാറുന്ന പാര്‍ട്ടി എന്തു കൊണ്ട് കാലുവാരികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നു. ചിലര്‍ക്കെതിരെ നോട്ടീസ് അയച്ചതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട നേതാക്കളുടെ വിശദീകരണവും അച്ചടക്ക സമിതി പരിശോധിക്കും. കുറ്റം ചെയ്തവര്‍ക്കെതിരെ പുറത്താക്കല്‍ നടപടിയടക്കം ഉണ്ടാകുമെന്നാണ് സൂചന.