ഇന്ത്യക്ക് ബാറ്റിങ് തകർച്ച; ആറു വിക്കറ്റ് നഷ്ടത്തിൽ 188; 161 റൺസ് ലീഡ്
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തിട്ടുണ്ട്. 161 റൺസിന്റെ ലീഡുണ്ട്.
രണ്ടു വിക്കറ്റിന് 85 റൺസ് എന്ന നിലയിൽ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക്, ചേതശ്വേർ പുജാരയും അജിങ്ക്യ രഹാനെയും മികച്ച തുടക്കം നൽകി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 111 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പൂജാര 86 പന്തിൽ 53 റൺസും രഹാനെ 78 പന്തിൽ 58 റൺസും എടുത്താണ് മടങ്ങിയത്. ഋഷഭ് പന്ത് (പൂജ്യം), രവിചന്ദ്രൻ അശ്വിൻ (14 പന്തിൽ 16 റൺസ്) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി.
ഹനുമാൻ വിഹാരി (26 പന്തിൽ ആറ്), ശർദുൽ ഠാക്കൂർ (മൂന്നു പന്തിൽ നാല്) എന്നിവരാണ് ക്രീസിലുള്ളത്. 21 റൺസ് കൂട്ടി ചേർക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാലു വിക്കറ്റുകൾ നഷ്ടമായത്.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി കഗിസോ റബാദ മൂന്നു വിക്കറ്റെടുത്തു. ഡ്യുവാൻ ഒലിവിയർ, മാർക്കോ ജാൻസെൻ, ലുംഗി എംഗിടി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 27 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടുദിവസം ബാക്കി നിൽക്കെ, ലീഡ് ഉയർത്തി ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴത്തമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ.