വധുവായി വേഷം കെട്ടി തട്ടിപ്പ്, വിവാഹദിനത്തിൽ നവവരനൊപ്പം അന്തിയുറങ്ങിയ ശേഷം രാവിലെ പണവുമായി മുങ്ങും; ഇതുവരെ പറ്റിക്കപ്പെട്ടത് അമ്പതോളം പേർ
പാലക്കാട്: വിവാഹാലോചനയുമായെത്തി തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്ന് സത്രീകളുൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായി. തൃശൂർ സ്വദേശി സുനിൽ, പാലക്കാട് സ്വദേശികളായ കാർത്തികേയൻ, സജിത, ദേവി, സഹീദ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. സേലം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.കഴിഞ്ഞ ഡിസംബർ 12നാണ് സംഭവം. തമിഴ്നാട്ടിൽ വിവാഹപരസ്യം നൽകിയ സേലം സ്വദേശി മണികണ്ഠനാണ് തട്ടിപ്പിനിരയായത്. പത്രപരസ്യം കണ്ട തട്ടിപ്പ് സംഘം പ്രതികളിലൊരാളായ സജിതയുടെ വിവാഹാലോചനയുമായി മണികണ്ഠനെ അന്വേഷിച്ചെത്തുകയായിരുന്നു. വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വിവാഹം വേണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് ഗോപാലപുരം അതിർത്തിയിലെ ക്ഷേത്രത്തിലെത്തിച്ച് വിവാഹം നടത്തുകയും കമ്മീഷനായി ഒന്നര ലക്ഷം രൂപ വാങ്ങുകയും ചെയ്തു.അന്ന് വൈകിട്ട് സേലത്തെ വീട്ടിൽ വധുവിന്റെ സഹോദരനെന്ന വ്യാജേന കാർത്തികേയനെത്തി. അമ്മയ്ക്ക് പെട്ടെന്ന് അസുഖം കൂടിയെന്ന് പറഞ്ഞ് സജിതയെയും കൂട്ടി പിറ്റേദിവസം രാവിലെ തന്നെ കാർത്തികേയൻ സ്ഥലം വിടുകയായിരുന്നു. പിന്നാലെ ഇരുവരുടെയും മൊബൈലും ഓഫാക്കി.ഒരാഴ്ച കഴിഞ്ഞും വിവരമൊന്നുമില്ലാതെ വന്നതോടെ സംശയം തോന്നിയ വരനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രതികൾ സമാനമായ രീതിയിൽ ഇതിനുമുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. അഞ്ചുപേരെയും റിമാൻഡ് ചെയ്തു.