കോൺഗ്രസുകാരുടേത് വെറും വീര്യം പറച്ചിൽ; ഒരു സർവേക്കല്ലെടുത്ത് മാറ്റിയതുകൊണ്ട് കെ-റെയിൽ പദ്ധതി ഇല്ലാതാകില്ലെന്നും കോടിയേരി
കണ്ണൂർ: കെ-റെയിൽ പദ്ധതിയെ എതിർക്കുന്നവർ കോൺഗ്രസുകാർ മാത്രമാണെന്നും കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ഒരു സർവേക്കല്ലെടുത്ത് മാറ്റിയതുകൊണ്ട് മാത്രം കെ-റെയിൽ പദ്ധതി ഇല്ലാതാകില്ല. വികസന പദ്ധതികൾ തടസപ്പെടുത്തുന്നതിൽ കേരളത്തിലെ ജനങ്ങൾ അവരെ ഒറ്റപ്പെടുത്തുക തന്നെ ചെയ്യും. കോൺഗ്രസിന്റേത് വീരസ്യം പറച്ചിലാണെന്നും യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും കേരളത്തിലെ കോൺഗ്രസിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ-റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കുമെന്നും കോടതിവിധി പോലും മാനിക്കാതെ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെറിയുമെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.