കുറുവ സംഘത്തിനും വ്യാജൻ! അടിവസ്ത്രം മാത്രം ധരിച്ച് കുറുവാസംഘത്തിന്റെ മോഡലിൽ സോഷ്യൽ മീഡിയയിൽ വൈറലായ മോഷ്ടാക്കൾ മലയാളികൾ
ചേർത്തല: കുറുവ സംഘമെന്ന പേരിൽ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ മോഷണ സംഘത്തെ മാരാരിക്കുളം പൊലീസ് പിടികൂടി. എസ്.എൻ.പുരം കാർത്തുവെളി ദീപു(22),കഞ്ഞിക്കുഴി എട്ടാം വാർഡിൽ കൂട്ടേഴത്ത് വീട്ടിൽ അരുൺ (ജിത്ത്18)എന്നിവരും ഒരു 16 കാരനുമാണ് പിടിയിലായത്. മാരാരിക്കുളം അർത്തുങ്കൽ,ആലപ്പുഴ സൗത്ത്,കണ്ണമാലി പൊലീസ് സ്റ്റേഷനുകളിലായി ഏഴ് മോഷണ കേസുകളിലെ പ്രതികളാണ് ഇവർ. കൂറ്റുവേലിയിൽ വളർത്തുമത്സ്യം വിൽപ്പന കേന്ദ്രത്തിൽ നിന്ന് തിലോപ്പിയ മോഷ്ടിച്ച കേസിലാണ് ഇവരെ ഇപ്പോൾ അറസ്റ്റ് ചെയ്തത്. തിരുവിഴയിൽ പുലർച്ചെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത കേസിലും ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ രണ്ട് ബൈക്കുകൾ മോഷ്ടിച്ച കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകളിലെത്തിയാണ് കണ്ണമാലിയും കുത്തിയതോട്ടിലും മാല പൊട്ടിച്ചെടുത്തത്.രാത്രി അടിവസ്ത്രം മാത്രം ധരിച്ച് തലക്കെട്ട് കെട്ടി കുറുവാസംഘത്തിന്റെ മോഡലിലാണ് ഇവരുടെ മോഷണം. സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ദീപുവും അരുണും ബന്ധുക്കളാണ്. ദീപുവാണ് മോഷണത്തിന് നേതൃത്വം നൽകുന്നത്.മാരാരിക്കുളം ഇൻസ്പെക്ടർ എസ്.രാജേഷ്,എസ്.ഐമാരായ സെസിൽ, എ.സഞ്ജീവ് കുമാർ,എ.എസ്.ഐ മാരായ ജാക്സൺ,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. പ്രായപൂർത്തിയാകാത്ത ആളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.