ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ; തീരുമാനം എടുക്കുക മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുക്കാൻ ഉന്നതതല സമിതി സർക്കാരിനോട് ശുപാർശ ചെയ്തു. സസ്പെൻഷൻ കാലാവധി തീർന്നതോടെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് ശുപാർശ വച്ചത്.ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയാണ്. അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുക. സ്വർണക്കടത്തുകേസിലെ പ്രതികളുമായുള്ള അടുപ്പവും സ്വപ്ന സുരേഷിനെ സർക്കാർ ഓഫിസിൽ നിയമിച്ചതിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നതുമാണ് എം.ശിവശങ്കറിന്റെ സസ്പെൻഷനിലേക്കു നയിച്ചത്.ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2020 ജൂലൈ 16നാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത്. ഡോളർ കടത്തു കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതി ചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല. 2023 ജനുവരി വരെ ശിവശങ്കറിനു സർവീസ് ശേഷിക്കുന്നുണ്ട്.