സിൽവർ ലൈൻ പദ്ധതിയുടെ ലക്ഷ്യം ആളുകളെ ഉപദ്രവിക്കുകയല്ല, നാടിന്റെ മുന്നോട്ടുളള പോക്കിന് പാത അത്യാവശ്യം; എതിർക്കുന്നത് നിക്ഷിപ്ത താൽപര്യക്കാരെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:നാടിന്റെ മുന്നോട്ടുളള പോക്കിന് സിൽവർ ലൈൻ പദ്ധതി അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് സർക്കാർ ഭാഗം വിശദീകരിച്ച് തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാർ, ജനപ്രതിനിധികൾ, മാദ്ധ്യമ മേധാവിമാർ, പൗരപ്രമുഖർ എന്നിവരടക്കമുളളവരുടെ സാന്നിദ്ധ്യത്തിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്.നമ്മുടെ സംസ്ഥാനത്തെ ദേശീയ പാത പലയിടത്തും പഴയ പഞ്ചായത്ത് റോഡിനെക്കാൾ മോശമായിരുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതിന് മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയപാത വലിയ സൗകര്യമുളളതായാണ് കാണുന്നത്. മുൻ സർക്കാർ അധികാരത്തിലെത്തിയ സമയം ഇവിടെയൊന്നും നടക്കില്ലെന്ന ധാരണയായിരുന്നു കേന്ദ്ര സർക്കാരിന് വരെയുണ്ടായിരുന്നത്.എന്നാൽ 2016ൽ സർക്കാർ അധികാരത്തിൽ വന്നതോടെ ഇത് മാറി. ദേശീയ പാത വികസനം ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ പ്രധാനമന്ത്രിയെ കാണാൻ പോയി.അന്ന് പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് ഗെയിൽ പദ്ധതിയുടെ കാര്യമായിരുന്നു. അടുത്ത തവണ കാണുമ്പോൾ അത് ചർച്ച ചെയ്യുമെന്ന് താൻ മറുപടി പറഞ്ഞു. ആ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി നടപ്പാക്കിയതായും ആർക്കും ഭൂമി നഷ്ടമായില്ലെന്നും പൈപ്പ് ലൈൻ വഴി ഗ്യാസ് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.