തോക്കും തിരകളുമായി വിമാന യാത്രക്കെത്തിയ പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് അറസ്റ്റിൽ
കോയമ്പത്തൂർ: പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുൻ ചെയർമാനുമായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റുചെയ്തു. ബംഗളൂരുവിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ തങ്ങളുടെ ബാഗ് ജീവനക്കാർ പരിശോധിച്ചപ്പോഴാണ് താേക്കും തിരകളും കണ്ടെത്തിയത്. ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം.ഇതുസംബന്ധിച്ച് രേഖകൾ ആവശ്യപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. തുടർന്ന് അദ്ദേഹത്തെ സി ഐ എസ് എഫിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സി ഐ എസ് എഫ് തങ്ങളെ വിശദമായി ചോദ്യംചെയ്യുകയാണ്. പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോർട്ട്.പാലക്കാട്ടെ പ്രമുഖ നേതാവായ കെ എസ് ബി എ തങ്ങൾ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി കൂടിയാണ്. ചികിത്സാർത്ഥമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ഇദ്ദേഹത്തിനോ ബന്ധുക്കൾക്കോ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസില്ല എന്നാണ് ലഭിക്കുന്ന വിവരം.