കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായി സ്പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉക്കിനടുക്കയിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ ഔട്ട് പേഷ്യന്റ് വിഭാഗം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസര്‍കോട് ജില്ലയില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച സംവിധാനമായി ഗവണ്മെന്റ് മെഡിക്കല്‍ കോളജിനെ ഉയര്‍ത്തിക്കൊണ്ടു വരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.ഒരു മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് കാസര്‍കോട് മെഡിക്കല്‍ കോളേജിനെ പൂര്‍ണതോതിലുള്ള മെഡിക്കല്‍ കോളേജാക്കി മാറ്റും. ജനറല്‍ മെഡിസിന്, പീഡിയാട്രിക്സ് , ന്യൂറോളജി എന്നീ ഒ.പി കളാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. അടുത്ത ഘട്ടത്തില്‍ ഓഫ്താല്മോളജി, ഇ.എന്‍.ടി, ഡെന്റല്‍, സര്‍ജറി വിഭാഗങ്ങളിലും ഒ.പി വിഭാഗം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി ഘട്ടംഘട്ടമായി മെഡിക്കല്‍ കോളേജില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. 108 ആംബുലന്‍സിന്റെ സേവനം മെഡിക്കല്‍ കോളജില്‍ ലഭ്യമാക്കും. മെഡിക്കല്‍ കോളജിനടുത്ത് പൊലീസ് സ്റ്റേഷന് വേണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളജിലെ കെട്ടിട നിര്‍മാണങ്ങളുടെ പുരോഗതി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് വിലയിരുത്തും. കൂട്ടായ ശ്രമത്തിലൂടെ കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.