ട്രെയിനിലെ പൊലീസ് മർദ്ദനം: എ എസ് ഐയ്ക്കെതിരെ വകുപ്പുതല നടപടി
തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് യാത്രക്കാരനെ മർദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തിൽ എ എസ് ഐ പ്രമോദിനെതിരെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ റെയിൽവേയിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിറുത്തും. സംഭവത്തെക്കുറിച്ച് റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡി വൈഎസ് പി അന്വേഷിക്കും.മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്സ്പ്രസിൽ ഇന്നലെ രാത്രി തലശേരിക്ക് സമീപത്തുവച്ചായിരുന്നു യാത്രക്കാരന് മർദ്ദനമേറ്റത്. ഇയാൾ മദ്യപിച്ച് ബഹളമുണ്ടാക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.യാത്രക്കാരൻ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണൽ ഡി വൈ എസ് പിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാൾ രണ്ട് പെൺകുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയിൽ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പറഞ്ഞു.മർദ്ദനമേറ്റ യാത്രക്കാരനെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടിരുന്നു.ട്രെയിനിൽ യാത്രചെയ്ത ഒരാളാണ് മർദ്ദന ദൃശ്യങ്ങൾ പകർത്തിയത്. യാത്രക്കാരനെ പൊലീസുകാരന് ബൂട്ട് ഇട്ട് ചവിട്ടുന്നതിന്റേയും തള്ളി നീക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.