തിരുവനന്തപുരം ഇനി അറിയപ്പെടുക സമാധാന നഗരമായിട്ട്; പേര് നൽകാൻ പരിഗണിച്ച ഘടകങ്ങൾ ഇതൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു നഗരങ്ങളെ അവയുടെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പരിശീലനം നൽകുന്ന കിലയുടെ നേതൃത്വത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.തിരുവനന്തപുരം, കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്. യുനെസ്കോയുടെ ‘ക്രിയേറ്റീവ് സിറ്റീസ് ‘എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണിത്. വികസനം, സഹകരണം, പൈതൃകം, സംസ്കാരം എന്നിവ ഇത്തരത്തിൽ പരിപോഷിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.തലസ്ഥാന നഗരി, മതസൗഹാർദ്ദം, ഉയർന്ന ജനസംഖ്യ, അനുദിനം വികസനം എന്നിവ കണക്കിലെടുത്താണ് തിരുവനന്തപുരത്തെ സമാധാന നഗരമായിട്ട് ( സിറ്റ് ഒഫ് പീസ്) വിലയിരുത്തുന്നത്. ജില്ലയിലെക്രമസമാധാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സുരക്ഷ, വാണിജ്യം, കല, വിനോദം, പരിസ്ഥിതി, ഭരണസംവിധാനം എന്നിവ മെച്ചപ്പെടുത്തുന്ന രീതിയിലാകും ജില്ലയെ ബ്രാൻഡ് ചെയ്യുക.കൊല്ലം ജില്ലയെ ജൈവ വൈവിദ്ധ്യ നഗരമായിട്ടാണ് കണക്കാക്കുന്നത്. ജൈവ വൈവിദ്ധ്യ സർക്ക്യൂട്ട് ജില്ലയിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അഷ്ടമുടി,ശാസ്താംകോട്ട കായലുകൾ, കല്ലടയാറ്, കണ്ടൽകാടുകൾ ഇവയുടെ സംരക്ഷണവും സർക്യൂട്ടിലുണ്ട്.രൂപ കല്പനകളുടെ നാടാണ് കൊച്ചി. മെട്രോ നഗരം. വ്യാപാര,വ്യവസായ കേന്ദ്രം, ഭൂമിക്ക് പൊന്നുവില, ഫ്ളാറ്റ് സമുച്ചയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ പേര് നൽകിയിരിക്കുന്നത്.തൃശൂരിനെ പഠന നഗരമായിട്ടാണ് മുദ്ര ചാർത്തിയിരിക്കുന്നത്. ആരോഗ്യ, കാർഷിക, ഹോർട്ടികൾച്ചർ, വെറ്ററിനറി സർവകലാശാലകളുടെ ആസ്ഥാനങ്ങൾ.സാഹിത്യ അക്കാഡമി, ലളിതകലാ അക്കാഡമി, സംഗീത-നാടക അക്കാഡമി എന്നിവയ്ക്കു പുറമേ, കേരള പൊലീസ് അക്കാഡമി, കില ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയും ഇവിടെയാണ്.സാഹിത്യനഗരമാണ് കോഴിക്കോട്. വായനശാലകൾ ഏറ്റവും കൂടുതലുള്ള നഗരം. മലബാർ ടൂറിസം സർക്യൂട്ട്, ലിറ്റററി ഫെസ്റ്റിവൽ എന്നിവയാൽ പ്രശസ്തം. നാടൻ കലാ കരകൗശല നഗരമായിട്ടാണ് കണ്ണൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നാടൻ കലാരൂപങ്ങളും കരകൗശല ഉല്പന്നങ്ങളും സമൃദ്ധമായ നഗരമെന്ന നിലയിലാണ് ആ പേര് നൽകിയിരിക്കുന്നത്.