ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്തു; ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കിയതാണ് കാരണമെന്ന് പൊലീസ്
ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തെതുടർന്ന് കടക്കെണിയിലായ യുവാവ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ശനിയാഴ്ചയാണ് ഇവർ താമസിച്ചിരുന്ന തുറൈപാക്കത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിലെ ഏഴാം നിലയിലുള്ള അപ്പാർട്ട്മെന്റിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണികണ്ഠനാണ്(36) ഭാര്യ താര(35)യെയും ആൺമക്കളായ ധരൺ(10), ധഗൻ(ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.ഭാര്യയെ ക്രിക്കറ്റ് ബാറ്റുപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. ഞായറാഴ്ച പകൽ ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികൾ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയതോടെ ഇവർ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠൻ കഴിഞ്ഞ് രണ്ട് മാസമായി ജോലിക്ക് പോയിരുന്നില്ല. ഓൺലൈൻ ചൂതാട്ടത്തിൽ സജീവമായിരുന്ന ഇയാൾ, ഇതിന്റെ പേരിൽ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു. മണികണ്ഠന് വലിയൊരു തുക കടമുണ്ടായിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞു.ആത്മഹത്യയിലേയ്കക്ക് നയിക്കുന്നു എന്നതിന്റെ പേരിൽ മുമ്പ് തമിഴ്നാട് സർക്കാർ ഓൺലൈൻ ചൂതാട്ടം നിരോധിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മദ്രാസ് ഹൈക്കോടതി ഇത് റദ്ദാക്കി.