ഏതുവിധേനയും അമർച്ച ചെയ്യാൻ സർക്കാർ നിർദേശം, ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ രംഗത്തിറങ്ങുന്നത് ഏറ്റെടുത്ത ചുമതലകളെല്ലാം ഗംഭീരമായി പൂർത്തിയാക്കിയ ഓഫീസർ
തിരുവനന്തപുരം: കൊലവിളിച്ച് നാടുവിറപ്പിക്കുന്ന ഗുണ്ടകളെ അമർച്ച ചെയ്ത്, ജനങ്ങളുടെ ഭീതിയകറ്റാൻ പൊലീസ് ആസ്ഥാനത്തെ അഡി.ഡി.ജി.പി മനോജ് എബ്രഹാമിനെ സർക്കാർ നിയോഗിച്ചിരിക്കുകയാണ്. ഏറ്റെടുത്ത ചുമതലകളെല്ലാം കാര്യക്ഷമതയോടെ നിർവഹിച്ച് പേരെടുത്ത മനോജ് എബ്രഹാം മുൻപും ഇത്തരം ഓപ്പറേഷനുകൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. വിവരം കിട്ടിയിരുന്നെങ്കിൽ കൊലപാതകം തടയുമായിരുന്നു എന്ന് തുറന്നു പറഞ്ഞ് അപഹാസ്യരാവുന്ന പൊലീസ് ഏമാന്മാർക്കിടയിൽ വ്യത്യസ്തനാണ് മനോജ് എബ്രഹാം. കൊലയ്ക്ക് കൊല എന്ന മട്ടിൽ നാട്ടിൽ പ്രതികാര കൊലപാതകങ്ങൾ വർദ്ധിക്കുമ്പോൾ കാഴ്ചക്കാരായി നില്‍ക്കാതെ സേനയെ രംഗത്തിറക്കി ജനങ്ങൾക്ക് സംരക്ഷണ കവചമൊരുക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. രഹസ്യാന്വേഷണവും സൈബർ സോഷ്യൽ മീഡിയ നിരീക്ഷണവും ഏകോപിപ്പിച്ച് ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ നടത്താൻ ജില്ലകളിൽ രണ്ട് സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സംഘങ്ങളുടെ മേൽനോട്ടവും ഏകോപനവും പൊലീസ് ആസ്ഥാനത്തെ അഡി. ഡി.ജി.പി മനോജ് എബ്രഹാമിനാണ്.ഗുണ്ടകളെ അമർച്ച ചെയ്യാൻ ‘ഓപ്പറേഷൻ കാവൽ’എന്ന പേരിൽ പ്രത്യേക ദൗത്യം പ്രഖ്യാപിച്ചിട്ടും പരാജയപ്പെട്ടു. ജില്ലാതലത്തിലും സ്റ്റേഷൻ തലത്തിലും ഗുണ്ടാവിരുദ്ധ സ്ക്വാഡുകളുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നാണ് മനോജ് എബ്രഹാമിന് ഗുണ്ടാവേട്ടയുടെ ചുമതല നല്‍കിയത്. ഗുണ്ടാ, മയക്കുമരുന്ന് സംഘങ്ങളെ അമർച്ച ചെയ്യാനുള്ള ദൗത്യം തുടങ്ങിക്കഴിഞ്ഞു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദാക്കി. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടിയെടുത്തു. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗീയ കൊലപാതകങ്ങളിലെ പ്രതികളെ ഉടൻ പിടികൂടും. സ്ഥിരം കുറ്റവാളികളുടെയും ഗുണ്ടകളുടെയും മുൻപു കേസുകളിൽപ്പെട്ടവരുടെയും പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കും. വാറണ്ടുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യും. ക്രിമിനൽ സംഘങ്ങൾക്കു പണം കിട്ടുന്ന സ്റോതസും കണ്ടെത്തും. സ്ഥിരമായി ഗുണ്ടാപ്രവർത്തനം നടത്തുന്ന 4500 പേർ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. 1300പേർ അതീവ അപകടകാരികളാണ്.പൊലീസ് ഉണരണംഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും അമർച്ചചെയ്യുന്നതിൽ പൊലീസിന് തുടർച്ചയായ ജാഗ്രത വേണം. രാഷ്ട്രീയവും അല്ലാത്തതുമായ കൊലപാതകങ്ങൾ കേരളത്തിൽ സാധാരണ സംഭവങ്ങളായി മാറിയിട്ടുണ്ട്. ഗുണ്ടകൾ ആളുകളെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത് ആഘോഷ യാത്ര നടത്തുന്നു. ക്രിമിനൽ മാഫിയാസംഘങ്ങൾ നഗരങ്ങളിൽ പട്ടാപ്പകൽ വിലസുന്നു. ഗുണ്ടാ പ്രവർത്തനം തൊഴിലായി വളരുകയാണ്. ഗുണ്ടാസംഘങ്ങൾ തമ്മിലടിക്കുന്നത് നാടിന് ഭീഷണിയായി മാറി. ഏറ്റവുമധികം ഗുണ്ടകളുള്ലത് തലസ്ഥാനത്താണ്. കൊലപാതകം, ക്വട്ടേഷൻ, അക്രമ പ്രവർത്തനങ്ങൾ തുടങ്ങി പൊതുസമൂഹത്തിന് ഭീഷണിയായ ഗുണ്ടാസംഘങ്ങളാണ് തലസ്ഥാനത്ത് വിലസുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഗുണ്ടാ പ്രവർത്തനത്തിന് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ നടപടികളെല്ലാം നിലച്ചിരിക്കുകയാണ്. ഗുണ്ടകളുമായി ചില പൊലീസുകാർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. ഗുണ്ടകളെ നേരിടാൻ 15 വർഷം മുൻപ് കാപ്പ നിയമം കേരളത്തിലുണ്ട്. എന്നാൽ ഇതൊന്നും ഗുണ്ടകളെ നേരിടാൻ പര്യാപ്തമാവുന്നില്ലെന്നതാണ് യാഥാർത്ഥ്യം.നോക്കുകുത്തിയായി കാപ്പഗുണ്ടാനിയമം പ്രയോഗിക്കുന്നതിൽ പൊലീസിന് കടമ്പകളേറെയുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഗുണ്ടാനിയമം ചുമത്താനുള്ള ശുപാർശകളിൽ കളക്ടർമാർ തീരുമാനമെടുക്കാത്തതാണ് നടപടികൾ വൈകിക്കുന്നത്. ഗുണ്ടാ നിയമപ്രകാരം കരുതൽ തടവിലാക്കേണ്ട 145 പേരുകളാണ് ഈ വർഷം നവംബർ 30 വരെ കലക്ടർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ കൈമാറിയത്. ഇതിൽ 39 പേരെ കരുതൽ തടങ്കലിലാക്കി ഉത്തരവിട്ടു. ബാക്കിയുള്ളവരുടെ കാര്യത്തിൽ നടപടിയില്ല. ഇതിനു കാരണം രാഷ്ട്രീയ സമ്മർദ്ദമാണ്. കോടതികളിൽ നിന്നുള്ള തിരിച്ചടി നേരിടുമെന്ന് ഭയന്ന് കരുതലോടെയാണ് ഐ.എ.എസുകാർ നടപടിയെടുക്കുന്നതെന്നൊരു വിശദീകരണവുമുണ്ട്. 2020ൽ 150 പേരെ ഗുണ്ടാനിയമം ചുമത്തി തടവിലാക്കാൻ നടപടി തുടങ്ങിയിരുന്നു. ഇതിൽ 51 പേർക്കെതിരായ കരുതൽ തടങ്കൽ ഉത്തരവിൽ കലക്ടർമാർ ഒപ്പിട്ടില്ല. അകത്താക്കിയവരിൽ ഒരാൾ ഹൈക്കോടതിയുടെ അനുകൂല റിപ്പോർട്ടിൽ പുറത്തിറങ്ങി. 31 പേരെ ഉന്നതതല ഉപദേശക സമിതിയും വിട്ടയച്ചു. സ്ഥിരം ക്രിമിനലുകളെ നാടുകടത്താൻ കാപ്പ നിയമപ്രകാരം ഐ.ജിമാർക്ക് അധികാരമുണ്ട്. ഇക്കൊല്ലം നവംബർ വരെ 201 ഗുണ്ടകളുടെ പേരുകൾ എസ്.പിമാർ നല്‍കിയെങ്കിലും 117 ഉത്തരവു മാത്രമാണ് ഐ.ജിമാർ പുറപ്പെടുവിച്ചത്. 2010 ൽ ഇത്തരത്തിൽ 160 പേരുടെ പട്ടിക എസ്.പിമാർ നല്‍കിയെങ്കിലും 72 പേരെ മാത്രമാണ് ആറ് മാസം മുതൽ ഒരുവർഷം വരെ നാടുകടത്തി ഉത്തരവിട്ടത്. ഇങ്ങനെ ഉത്തരവിറങ്ങിയാൽ ക്രിമിനലുകൾ സ്വന്തം ജില്ലയിൽ പ്രവേശിക്കരുത്. ഗുണ്ടാനിയമം ചുമത്തുന്നതിലടക്കം രാഷ്ട്രീയ ഇടപെടലില്ലാതിരുന്നാൽ പൊലീസ് കൃത്യമായി പ്രവർത്തിക്കുമെന്ന് വിരമിച്ച ഉദ്യോഗസ്ഥർ പറയുന്നു.