പുതുവര്‍ഷരാവ് ആഘോഷമാക്കി കാസര്‍കോട്
പുതുവര്‍ഷ രാവിനെ ആവേശകരവും ആഹ്ലാദകരവുമാക്കി കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി. ജില്ലാ ഭരണകൂടത്തിന്റെയും കാസര്‍കോട് നഗരസഭയുടേയും ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പറേഷന്റെയും (ബി.ആര്.ഡി.സി) സഹകരണത്തോടെ പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴ് മുതല്‍ പത്ത് വരെയാണ് ആഘോഷം സംഘടിപ്പിച്ചത്. കോഴിക്കോട് ഷാന്‍-ഷബാന ടീമിന്റെ ഗാനമേളക്കൊപ്പം സദസ്സും ചുവടുവെച്ചു. വെറുപ്പിന്റെ പ്രതീകമായ മിസ്റ്റര്‍ ഹേട്രഡിനെ കത്തിച്ചും വര്‍ണ്ണപടക്കങ്ങള്‍ പൊട്ടിച്ചുമാണ് ആഘോഷത്തിനെത്തിയവര്‍ പുതുവര്‍ഷത്തെ വരവേറ്റത്.
പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞതാവട്ടെ പുതിയ വര്‍ഷമെന്ന് എന്‍.എ നെല്ലിക്കുന്ന് എ.എല്‍.എ, ഇ. ചന്ദ്രശേഖരന് എം.എല്‍.എ, അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്, നഗരസഭാ ചെയര്മാന് അഡ്വ. വി.എം മുനീര്‍ എന്നിവര്‍ ആശംസിച്ചു. കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റി സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. സിനിമാ താരങ്ങളായ അനഘ നാരായണനെ ഇ. ചന്ദ്രശേഖരന് എം.എല്‍.എയും സായി കൃഷ്ണയെ അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എയും ഉപഹാരം നല്കി ആദരിച്ചു. അഡ്വ. വി.എം മുനീര്‍ വെറുപ്പിന്റെ പ്രതീകത്തിന് തീകൊളുത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ, നഗരസഭാ സെക്രട്ടറി ബിജു, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബാബു മഹീന്ദ്രന്, ബി.ആര്.ഡി.സി അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ യു.എസ് പ്രസാദ്, ഡി.ടി.പി.സി സെക്രട്ടറി ജിയോ ജോസഫ്, കലക്ടറേറ്റിലെ മുന്‍ ശിരസ്തദാര്‍ നാരായണന്, പ്രഭാകരന്, തിയേട്രിക്സ് സൊസൈറ്റി ട്രഷറര്‍ അഡ്വ. ടി.വി ഗംഗാധരന്, സുബിന് ജോസ്, ഉമേഷ് സാലിയാന്‍, കെ.എസ് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇത് നാലാം വര്‍ഷമാണ് കാസര്‍കോട് തിയേട്രിക്സ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിപുലമായതരത്തില് പുതുവര്‍ഷം കൊണ്ടാടിയത്.