ശിവകാശിയിൽ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
വിരുദുനഗർ: തമിഴ്നാട് ശിവകാശിക്ക് സമീപം പുദുപട്ടിയിൽ പടക്ക ഫാക്ടറി പൊട്ടിത്തെറിച്ച് നാല് പേർ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് ഇനിയും ആളുകളെ തിരിച്ചറിയാനുണ്ടെന്ന് അഗ്നി രക്ഷാസേന പറഞ്ഞു.അഗ്നി രക്ഷാസേനയും പൊലീസും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കണ്ടെത്തി. തൊഴിലാളികൾ രാസവസ്തുക്കൾ കൂട്ടിക്കലർത്തുന്നതിനിടയിൽ അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് നിഗമനം.പൊട്ടിത്തെറിയിൽ അഞ്ച് ഷെഡുകളും സ്റ്റോറിന്റെ പ്രധാന ഭാഗങ്ങളും തകർന്നു. ശിവകാശിയിലെയും വാതിരൈരുപ്പിലെയും ഫയർ സ്റ്റേഷനിൽ നിന്നുമെത്തിയ ഇരുപത് ഉദ്യോഗസ്ഥർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫാക്ടറിയിൽ അലുമിനിയം പൗഡർ ഉണ്ടായിരുന്നത് തീയണയ്ക്കുന്നതിന് വെല്ലുവിളിയായി.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ശിവകാശി സർക്കാർ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തിൽ നാദംപട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.