ഗവർണർ ചെയ്തത് തെറ്റ്; ഇപ്പോൾ വിഷയം ഉയർത്തിക്കൊണ്ടുവന്നത് ശ്രദ്ധതിരിക്കാനെന്നും വി ഡി സതീശൻ
തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ ആരോപണമുന്നയിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാൻ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് ഗവർണർ നിർദേശം നൽകിയത് തെറ്റാണെന്നും തെറ്റ് തിരുത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. വൈസ് ചാൻസലറെ നീക്കമമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയ ഇടപെടലുകളാണ് പ്രധാന പ്രശ്നമെന്നും അതിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഡി.ലിറ്റ് വിഷയം ചർച്ചയാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാനുള്ല ശുപാർശ സർക്കാരിന്റെ ഇടപെടലിനെത്തുടർന്ന് തള്ളിയതാണെന്ന രമേശ് ചെന്നിത്തലയുടെ വാദത്തിന് വിരുദ്ധമായാണ് ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ ദിവസം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ വി ഡി സതീശൻ ഇന്ന് ഗവർണർക്കെതിരെ തിരിയുകയായിരുന്നു.ഗവർണർ നിർദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി.ലിറ്റ് നൽകാമെന്ന് ഉറപ്പു നൽകിയ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പിൻമാറുകയായിരുന്നുവെന്നാണ് സൂചന. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണററി ഡോക്ടറേറ്റ് സ്വീകരിക്കാൻ കൂടി തയ്യാറായാണ് കേരളത്തിലേക്കുള്ള യാത്രാപരിപാടി നിശ്ചയിച്ചെത്തിയതെന്നും കേരള യൂണിവേഴ്സിറ്റി ഒഴിഞ്ഞുമാറിയതോടെ അപമാനിതനായാണ് അദ്ദേഹം കഴിഞ്ഞയാഴ്ച മടങ്ങിയതെന്നുമാണ് വിവരം. വൈസ് ചാൻസലറെ രാജ്ഭവനിൽ വിളിച്ചുവരുത്തി ഡിസംബർ ആദ്യമാണ് ഗവർണർ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ നിർദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നൽകുന്നതിലൂടെ കേരള സർവകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവർണറുടെ നിലപാട്. സിൻഡിക്കേറ്റ് വിളിച്ച് ഉടൻ അംഗീകരിക്കുമെന്ന് വൈസ് ചാൻസലർ ഉറപ്പും നൽകിയിരുന്നു.