മലയാറ്റൂരിൽ വൻ മോഷണം; വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 41,000 രൂപയും കവർന്നു
എറണാകുളം: എറണാകുളം മലയാറ്റൂർ കളംപാട്ടുപുരത്ത് വൻ കവർച്ച. വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണവും 41,000 രൂപയും കവർന്നു. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു കവർച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഔസേപ്പ് എന്ന വ്യവസായിയുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. കൊച്ചിൻ റിഫൈനറിയിൽ വാഹനങ്ങളുടെ കോൺട്രാക്ട് എടുക്കുന്ന വ്യവസായിയാണ് ഔസേപ്പ്.കവർച്ച നടന്ന സമയം വീട്ടുകാരെല്ലാം വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ബെഡ്റൂമിൽ സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയാണ് സ്വർണം കവർന്നത്. അലമാര തുറന്നിരിക്കുന്ന നിലയിലായിരുന്നു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണം സൂക്ഷിച്ചിരുന്ന പെട്ടികൾ തറയിൽ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. മോഷണം നടന്ന വീടിന് സമീപമുള്ള രണ്ട് വീടുകളിലും കവർച്ച നടന്നിരുന്നു. കാലടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.