പുതുതായി അസുഖം സ്ഥിരീകരിച്ചവരിൽ 55 ശതമാനം പേർക്കും ഒമിക്രോൺ ബാധ; ആശങ്കയായി രോഗവ്യാപനം
മുംബയ്: ഒമിക്രോൺ രോഗബാധ മഹാരാഷ്ട്രയിൽ ആശങ്കാജനകമാംവിധം ഉയരുകയാണ്. മുംബയ് നഗരത്തിലും ഒമിക്രോൺ അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച 282 പേരിൽ 55 ശതമാനം പേർക്കും ജനിതക പരിശോധനയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കസ്തൂർബാ ആശുപത്രിയിലും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.156 പേർക്ക് ഒമിക്രോൺ വകഭേദവും 89 പേർക്ക് ഡെൽറ്റാ പ്ളസ് വകഭേഗവും 37 പേർക്ക് ഡെൽറ്റാ വകഭേദവും സ്ഥിരീകരിച്ചു. ഇവരിൽ ഡെൽറ്റ രോഗിയായ ഒരാൾ മരിച്ചു. രക്താതിസമ്മർദ്ദവും പ്രമേഹവുമുണ്ടായിരുന്നയാളാണ് മരിച്ചത്. 282 രോഗികളിൽ 17 പേർ ആശുപത്രിയിൽ ചികിത്സ തേടി. ഇവരിൽ ഒൻപത് പേരാണ് ഒമിക്രോൺ രോഗികൾ.