സി ഐ എസ് എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന്റെ തലയ്ക്ക് വെടിയേറ്റു; പ്രതിഷേധവുമായി നാട്ടുകാർ
ചെന്നൈ: സി ഐ എസ് എഫ് ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനത്തിനിടെ പതിനൊന്നുകാരന് വെടിയേറ്റു. തമിഴ്നാട്ടിലെ പുതുക്കോട്ട നാർത്താമലൈയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഷൂട്ടിംഗ് പരിശീലനം നടക്കുന്ന സ്ഥലത്തിന് സമീപമാണ് കുട്ടി താമസിക്കുന്നത്.കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. പതിനൊന്നുകാരൻ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് നാട്ടുകാർ പറഞ്ഞു. വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. ഒരു വെടി വീടിന്റെ ചുമരിൽ കൊണ്ടു. തൊട്ടുപിന്നാലെയാണ് പതിനൊന്നുകാരന് വെടിയേറ്റത്.ബന്ധുക്കളും നാട്ടുകാരും കുട്ടിയെ ഉടൻ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സി ഐ എസ് എഫ് പരിശീലന ക്യാമ്പിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പിലെ ഷൂട്ടിംഗ് പരിശീലനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.