സ്കൂൾ പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും, ഒമിക്രോൺ വ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കേരളത്തിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലാത്തതിനാൽ പരീക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി അറിയിച്ചു.ആരോഗ്യ വകുപ്പുമായി ചർച്ച ചെയ്ത ശേഷമാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 65 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇന്ത്യയിലാകെ 961 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു.