പുറത്താക്കാൻ സിപിഎമ്മിന് അധികാരമുണ്ട്,മറ്റൊരു പാർട്ടിയിലേയ്ക്ക് പോവുന്നതിനെപറ്റി ഇപ്പോൾ ചിന്തിക്കുന്നില്ല:എസ് രാജേന്ദ്രൻ
ഇടുക്കി:തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎമ്മിന് അധികാരമുണ്ടെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം നൽകിയില്ല എന്ന ആരോപണം ശരിയല്ല എന്നും മറ്റൊരു പാർട്ടിയിലേയ്ക്ക് പോവുന്നത് ഇപ്പോൾ ചിന്താഗതിയിൽ ഉള്ള കാര്യമല്ല എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.ദേവികുളം എംഎൽഎയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്നതിന് നിരവധി തെളിവുകൾ അന്വേഷണ കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ നേതൃത്ത്വവും മുതിർന്ന നേതാവ് എംഎം മണിയും അടക്കം രാജേന്ദ്രനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിരുന്നു. പുറത്താക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തും അയച്ചിരുന്നു. ജില്ലാ സമ്മേളനങ്ങൾ അവസാനിക്കുന്നതോടെ പാർട്ടി തീരുമാനം വ്യക്തമാക്കും.രാജേന്ദ്രൻ സിപിഐയിലേയ്ക്ക് മാറും എന്നൊരു വാർത്ത മുൻപ് വന്നിരുന്നു. മറ്റൊരു പാർട്ടിയിലേയ്ക്കില്ല എന്നു പറഞ്ഞെങ്കിലും സിപിഐയുടെ വോട്ട് കൂടെ ലഭിച്ചതിനാലാണ് താൻ ജയിച്ചതെന്ന് രാജേന്ദ്രൻ പറഞ്ഞു.