പ്രതി പറഞ്ഞത് കള്ളം, മകളുടെ മുറിയിൽ ചെന്നത് സംസാരം കേട്ട്, അനീഷുമായി കൈയേറ്റമുണ്ടായെന്ന് പൊലീസ്
തിരുവനന്തപുരം: മകളുടെ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി തള്ളി പൊലീസ്. പേട്ട സ്വദേശി അനീഷ് ജോർജ് ആണ് അയൽവാസി സൈമൺ ലാലയുടെ വീട്ടിൽ കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.അനീഷിനെ കുത്തിയ വിവരം സൈമൺ തന്നെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്. കള്ളനാണെന്ന് കരുതി, പ്രാണരക്ഷാർത്ഥം കുത്തിയതാണെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് തള്ളി. സൈമണിന്റെ മകളും അനീഷും സുഹൃത്തുക്കളാണ്, ഈ പെൺകുട്ടിയെ കാണാനാകണം യുവാവ് വീട്ടിലെത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.പുലർച്ചെ മകളുടെ മുറിയിൽ നിന്ന് സംസാരം കേട്ടാണ് സൈമൺ അങ്ങോട്ടേക്ക് ചെന്നത്. വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് ഇയാൾ ബലം പ്രയോഗിച്ച് കതക് തുറന്ന് അകത്തുകയറുകയായിരുന്നു. അനീഷിനെ കണ്ടതോടെ കൈയേറ്റമുണ്ടായി, ഇതിനിടെ പ്രതി യുവാവിനെ കത്തികൊണ്ട് കുത്തിയെന്നാണ് പൊലീസ് പറയുന്നത്.