ന്യൂദല്‍ഹി: പൗരത്വ ബില്‍ പാസാക്കിയത് ചരിത്രപരമായ നടപടിയാണെന്നായിരുന്നു ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവകാശപ്പെട്ടത്. എന്നാല്‍ ഇന്ത്യയുടെ പൗരത്വ നിയമങ്ങളിലെ സുപ്രധാന മാറ്റത്തോട് വിദേശ മാധ്യമങ്ങള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇന്ത്യയിലെ ഭരണകക്ഷിയായ ഹിന്ദു ദേശീയ സര്‍ക്കാര്‍ മുസ്ലിം ജനവിഭാഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വിവാദ നിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടിയെടുത്തിരിക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് രാജ്യത്ത് പൗരത്വം നല്കുന്ന നിയമമാണ് ഇന്ത്യ നടപ്പിലാക്കിയിരിക്കുന്നത് എന്നാണ്’-ദ ഇന്‍ഡിപെന്റന്റ് റിപ്പോര്‍ട്ട്. .
ജനങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത സൃഷ്ടിക്കുകയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ അക്രമാസക്തമായ പ്രതിഷേധത്തിലേക്ക് തള്ളിവിടുകയും ചെയ്ത സുപ്രധാനമായ പൗരത്വ (ഭേദഗതി) ബില്‍ രാജ്യസഭ ഇന്നലെയാണ് പാസാക്കിയത്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതായിരുന്നു ബില്‍.
ഭിന്നിപ്പിന്റെ നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയെടുത്തിരിക്കുന്നു. ഇത് നിയമമാകാന്‍ പോകുന്നു- എന്ന തലക്കെട്ടിലായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്.ഇന്ത്യന്‍ പാര്‍ലമെന്റ് ബുധനാഴ്ച വിവാദപരമായ ഒരു പൗരത്വ ബില്‍ പാസാക്കി, മതപരമായ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഈ നിയമത്തിനെതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടി.‘പൗരത്വ ഭേദഗതി ബില്‍ എന്ന് വിളിക്കപ്പെടുന്ന ഈ നിയമത്തിലൂടെ ഇന്ത്യയില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുകയും ഇതിന് മതം ഒരു മാനദണ്ഡം ആക്കുകയുമാണ്. ഇസ്ലാം ഒഴികെയുള്ള എല്ലാ പ്രധാന മതങ്ങളിലെയും ജനവിഭാഗങ്ങള്‍ക്ക് ബില്‍ അനുകൂലമാണ്. നഗ്നമായ വിവേചനം എന്നാണ് മുസ്ലിം സമൂഹം ഇതിനെ വിളിച്ചത്’- ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘പുതിയ നിയമനിര്‍മ്മാണം വഴി മുസ്ലിം ഒഴികെയുള്ള മത വിഭാഗങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വത്തിനുള്ള ഒരു പാത സൃഷ്ടിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍’ എന്നാണ് അല്‍ ജസീറ എഴുതിയിരിക്കുന്നത്ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴിച്ച് ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കിക്കൊണ്ട് 64 വര്‍ഷം പഴക്കമുള്ള പൗരത്വ നിയമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് ഇന്ത്യ എന്നാണ് അല്‍ ജസീറ എഴുതിയത്.