മരിച്ചെന്ന് സ്ഥിരീകരിച്ച് സംസ്കരിക്കാൻ ശ്മശാനത്തിലെത്തിച്ച വയോധികൻ കണ്ണുതുറന്നു;
ന്യൂഡൽഹി: മരിച്ചെന്ന് സ്ഥിരീകരിച്ച് ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്കായി എത്തിച്ച വയോധികനിൽ ജീവന്റെ തുടിപ്പ് കണ്ടെത്തിയത് അവസാന നിമിഷം. സംസ്കാര ചടങ്ങുകൾ തുടങ്ങാനിരിക്കേയാണ് വയോധികൻ കണ്ണുതുറന്നത്. ഡൽഹിയിലെ നരേല പ്രദേശത്താണ് സംഭവം.
ഞായറാഴ്ച രാവിലെയാണ് 62കാരനായ സതീഷ് ഭരദ്വാജ് മരിച്ചെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചത്. തുടർന്ന് ഭരദ്വാജിന്റെ ശരീരം അന്ത്യകർമങ്ങൾക്കായി ശ്മശാനത്തിലെത്തിച്ചു. മൃതദേഹത്തിൽ തീകൊളുത്താനായി അടുത്ത ബന്ധു മുഖത്തുനിന്ന് തുണി മാറ്റുകയായിരുന്നു. അപ്പോൾ കണ്ണുകൾ തുറന്ന നിലയിലായിരുന്നു വയോധികൻ. ശ്വാസോച്ഛാസവുമുണ്ടായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചശേഷം വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘകാലമായി അർബുദ രോഗിയായിരുന്ന സതീഷ് ഭരദ്വാജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. ഞായറാഴ്ച അദ്ദേഹത്തിന്റെ വെന്റിലേറ്റർ എടുത്തുമാറ്റി. ഇതോടെ ശ്വാസവും നിലച്ചിരുന്നു. തുടർന്ന് വയോധികൻ മരിച്ചതായി ബന്ധുക്കളും ആശുപത്രിയും സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ശേഷം ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. വയോധികനിൽ ജീവൻ കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.