തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പെട്രോൾ പമ്പിൽ ഫോൺ ഉപയോഗം വിലക്കിയതിന് ജീവനക്കാരനെ വെട്ടി
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ശക്തമാകുന്നു. വിഴിഞ്ഞത്ത് പെട്രോൾ പമ്പിലെ ജീവനക്കാരനു നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിലക്കിയതാണ് പ്രകോപനത്തിന് കാരണമായത്. കൈയ്ക്ക് വെട്ടേറ്റ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ രാത്രി 12 മണിയോടെയാണ് വിഴിഞ്ഞം ജംഗ്ഷനിലെ പെട്രോൾ പമ്പിൽ അക്രമമുണ്ടായത്. രണ്ട് യുവാക്കൾ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തുകയായിരുന്നു . അതിനിടെ പിന്നിലിരുന്നയാൾ ഫോണിൽ സംസാരിക്കുന്നത് കണ്ട ജീവനക്കാരൻ പെട്രോൾ പമ്പിൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന് അറിയിച്ചു. തുടർന്ന് വാക്കുതർക്കം ഉണ്ടായി, ശേഷം ഇവർ തിരികെ പോയി നാലുപേരുമായി തിരിച്ചെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. വെട്ടുകത്തിയുമായെത്തി ജീവനക്കാരനെ ആക്രമിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.ക്രിമിനൽ പശ്ചാത്തലമുള്ളവരാണോ ആക്രമണത്തിന് പിന്നിലെന്ന് ഉറപ്പായിട്ടില്ല. ലഹരി ഉപയോഗമാണോ കാരണമെന്നും സംശയമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.