രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ വെള്ളം വയ്ക്കാത്തവർ സിൽവർ ലൈൻ നടപ്പാക്കുന്നു: പരിഹാസവുമായി മുരളീധരൻ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ പരിഹാസവുമായി കെ.മുരളീധരൻ എംപി. രാഷ്ട്രപതിക്ക് ബാത്ത്റൂമിൽ പോകാൻ ഒരു ബക്കറ്റ് വെള്ളമെത്തിക്കാൻ സാധിക്കാത്തവരാണ് കെറെയിൽ ഇട്ടോടിക്കാൻ പോകുന്നതെന്ന് മുരളീധരൻ പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം മുരളീധരൻ നടത്തിയത്.
മുരളീധരൻ്റെ വാക്കുകൾ –
ഏത് വിഐപി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചു. പക്ഷേ വാട്ടർ കണക്ഷൻ കൊടുത്തില്ല. ഷെഡ്ഡുഡാക്കാൻ മാത്രമേ എനിക്ക് പെർമിഷനുള്ളൂ വെള്ളം വയ്ക്കാൻ പറഞ്ഞില്ലെന്നാണ് കരാറുകാരൻ പറഞ്ഞത്. അവസാനം മൂത്രമൊഴിക്കാൻ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായും കാണാനില്ല. എന്താ ബാത്ത്റൂമിൽ വെള്ളമില്ല…. അവസാനം ഉദ്യോഗസ്ഥർ ബക്കറ്റിൽ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയിൽ ഇട്ടോടിക്കാൻ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാൻ പോലും സാധിക്കാത്ത വിദ്വാൻമാർ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാൻ പോകുന്നത്.. എന്നിട്ട് ഇവർ പേടിപ്പിക്കുകയാണ് നമ്മളെ…
പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം. ഏകസിവിൽ കോഡിനുള്ള ശ്രമത്തിന് മുന്നോടിയാണ്. കേരളത്തിൽ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല, പിണറായിസ്റ്റ് ഭരണമാണ്. കെ റെയിലിനെക്കുറിച്ച് യുഡിഎഫ് നേരത്തെ വിശദമായി പഠിച്ചതാണ്. വെറുതെ ധൂർത്ത് നടത്താനുള്ള പദ്ധതി മാത്രമാണിത്. പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയിൽ വരുത്തുക. “എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും ” എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിൻ്റെ അവസ്ഥ. ഭരിക്കുന്നവൻ നന്നെല്ലെങ്കിൽ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്. കെ റെയിൽ ഇവിടെ വേണ്ട, അത് മറ്റൊരു സിങ്കൂർ ആകും എന്ന് സിപിഎം പ്രവർത്തകർ തന്നെ പറയുന്നു. പിണറായിയെ കണ്ടു പഠിക്കാൻ ഞങ്ങൾ തയ്യാറല്ല. പോലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനം ആയി കേരളം മാറി കഴിഞ്ഞു. തരൂരിനെതിരായ പ്രശ്നം പരിശോധിക്കേണ്ടത് ദേശീയ നേതൃത്വമാണ്. കോണ്ഗ്രസ് അധ്യക്ഷ ഉടൻ അക്കാര്യത്തിൽ തീരുമാനമെടുക്കും. പാർട്ടിക്ക് അകത്തെ പരാതികൾ പൊതുവേദിയിൽ പറയുന്നില്ല.