കുത്തക കമ്പനികൾക്ക് പൂട്ടുവീഴുന്നു; മദ്യവിൽപ്പനയിൽ പൊളിച്ചെഴുത്തിനൊരുങ്ങി ബെവ്കോ
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ശുപാർശ നൽകി ബെവ്കോ എം ഡി.കൂടുതൽ വിൽപ്പന നടത്തുന്ന മദ്യകമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി പ്രവർത്തനമാരംഭിക്കുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന രീതി മാറ്റണമെന്നാണ് എം ഡിയുടെ ശുപാർശ. ഇത്തരത്തിൽ 15 കമ്പനികൾക്ക് മാത്രം ലഭിക്കുന്ന കുത്തകാവകാശം ഒഴിവാക്കണമെന്ന ശുപാർശ എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മുഖ്യമന്ത്രിയ്ക്ക് കൈമാറി.മദ്യകമ്പനികളുമായി ചേർന്ന് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ വ്യവസ്ഥകൾ പ്രകാരമാണ് ബെവ്കോ മദ്യം വാങ്ങുന്നത്. എന്നാൽ ഈ കരാറിലൂടെ ബെവ്കോയ്ക്ക് നഷ്ടം മാത്രമാണുണ്ടാകുന്നതെന്നാണ് എം ഡി ശ്യാം സുന്ദർ റിപ്പോർട്ട് നൽകിയത്. മദ്യവിൽപ്പനയുടെ 90 ശതമാനവും അടക്കിവാഴുന്നത് ഈ കമ്പനികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് ലഭിക്കുന്നതിൽ ഏഴ് ശതമാനം ലാഭവിഹിതം മാത്രമാണ് ബെവ്കോയ്ക്ക് നൽകുന്നതെന്നും പുതിയ ബ്രാന്റുകളെ ഇവർ തടയുന്നുവെന്നും ആരോപണമുണ്ട്.പുതിയ ബ്രാന്റുമായി ഒരു കമ്പനി എത്തിയാൽ മദ്യവിൽപ്പനയുടെ 21 ശതമാനം സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരം കമ്പനികൾക്ക് വെയർ ഹൗസിൽ നിന്നും പരമാവധി 6000 കെയിസ് മദ്യം മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. സർക്കാരിന് കൂടുതൽ ലാഭം നൽകുന്ന കമ്പനികൾക്ക് വെയർ ഹൗസിൽ സ്ഥലവും നൽകുന്നില്ല പ്രോത്സാഹനവുമില്ല. ഇവർക്ക് വിൽപ്പനയ്ക്കുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്നു. ഇതിന് പരിഹാരമായി എല്ലാ കമ്പനികൾക്കുമായി പ്രത്യേക സ്ളാബും ശുപാർശയിൽ ഉൾപ്പെടുന്നു.പതിനായിരം കെയിസ് വരെ മദ്യം വിൽക്കുന്ന കമ്പനി പത്ത് ശതമാനം ലാഭവിഹിതവും, ഇതിന് മുകളിൽ വിൽപ്പനയുണ്ടെങ്കിൽ 20 ശതമാനം ലാഭവിഹിതവും നൽകണമെന്നാണ് പുതിയ നിർദേശം. പതിനായിരം കെയിസ് വരെ ബീയർ വിൽക്കുന്ന കമ്പനി പത്ത് ശതമാനവും ഒരു ലക്ഷത്തിന് മുകളിൽ വിൽപ്പനയുള്ളവർ 30 ശതമാനം ലാഭവിഹിതവും നൽകണം. ഇതിലൂടെ പ്രതിവർഷം 200 കോടി രൂപ വരെ സർക്കാരിന് അധിക വരുമാനം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.