ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍. ബംഗ്ലാദേശില്‍ എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നത്. സമാധാനത്തോടെയാണ് എല്ലാവരും രാജ്യത്ത് കഴിയുന്നത്. ഇത് മനസിലാക്കണമെങ്കില്‍ അമിത് ഷാ കുറച്ചുനാള്‍ ബംഗ്ലാദേശില്‍ താമസിക്കണമെന്നും വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലില്ബംഗ്ലാദേശിൽ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി ബില്‍ മതനിരപേക്ഷ രാജ്യമെന്ന ഇന്ത്യയുടെ പ്രതിഛായ ഇല്ലാതാക്കും. ഇന്ത്യയുടെ പുതിയ നടപടി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തെ ബാധിക്കില്ലെന്ന് കരുതുന്നതായും മന്ത്രി അബ്ദുല്‍ മോമന്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനെ പോലെ മതസൗഹാര്‍ദം കാത്ത് സൂക്ഷിക്കുന്ന രാജ്യങ്ങള്‍ ലോകത്ത് തന്നെ ചുരുക്കമാണ്. തങ്ങള്‍ക്ക് ന്യൂനപക്ഷവും ഭൂരിപക്ഷവുമില്ല. എല്ലാവരും തുല്യരാണ്. വിവിധ മതങ്ങളിലുള്ളവര്‍ തമ്മിലുള്ള മാതൃകാപരമായ ഐക്യത്തേയാകും അമിത്ഷായ്ക്ക് ഇവിടെ കാണാനാവുകയെന്നും അബ്ദുള്‍ മോമെന്‍ പറഞ്ഞു.
ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് ഇന്നലെ ബില്‍ അവതരണ വേളയില്‍ അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു. അവരെ സംരക്ഷിക്കാന്‍ കൂടിയാണ് ഈ ബില്ലെന്ന അമിത് ഷാ പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബില്ലിനെതിരായ പ്രതിഷേധം ആളിക്കത്തുകയാണ്.അസമിലും ത്രിപുരയിലും ആയിരങ്ങളാണു പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. പൊലിസുകാരുമായി പ്രക്ഷോഭകര്‍ ഏറ്റുമുട്ടി. അസമില്‍ നാലിടത്തു സൈന്യത്തെ വിന്യസിച്ചു. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ച ഗുവാഹത്തി നഗരത്തില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി.
ദിബ്രുഗഡ്, ബുന്‍ഗായ്ഗാവ്, ജോര്‍ഹത്, ടിന്‍സുകിയ എന്നിവിടങ്ങളിലാണു സൈന്യം രംഗത്തിറങ്ങിയത്. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യവും വിച്ഛേദിച്ചിരുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ ലഖിനഗറിലെ വീടിനു നേരെ കല്ലേറുണ്ടായി. അസമില്‍നിന്ന് ആരംഭിക്കുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സ്ഥലമായ ദിബ്രുഗഡിലെ ചാബുവ റെയില്‍വേ സ്റ്റേഷനു പ്രക്ഷോഭകാരികള്‍ തീവച്ചു.