പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് 26 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിയന് അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന് എം പി, ഇ ചന്ദ്രശേഖരന് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും. നീലേശ്വരം നഗരസഭയിലെ പാലായിയെയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പദ്ധതി അറബിക്കടലില്‍ നിന്നും വേനല്‍ക്കാലത്ത് വേലിയേറ്റ സമയത്ത് കയറുന്ന ഉപ്പുവെള്ളം പ്രതിരോധിച്ച് 4865 ഹെക്ടര്‍ കൃഷിയിടങ്ങള്‍ക്ക് ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജലസേചന സൗകര്യവും കുടിവെള്ളത്തിനും ഗതാഗത സൗകര്യത്തിനും ഉതകുന്നതുകൂടിയാണ് പദ്ധതി.
റെഗുലേറ്ററിന് 12 മീറ്റര്‍ നീളമുള്ള 14 സ്പാനുകളും 7.5 മീറ്റര്‍ നീളമുള്ള 2 സ്പാനുകളും 12 മീറ്റര്‍ വീതിയില്‍ ജലഗതാഗതത്തിന് അനുയോജ്യമായ ലോക്കോട് കൂടിയ ഒരു സ്പാനുമാണുള്ളത്. 2.75 മീറ്റര്‍ ഉയരം സംഭരണശേഷിയുള്ള ഈ റഗുലേറ്റര്‍ ഏകദേശം 2 ദശലക്ഷം ഘനമീറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയും. ഈ നിര്‍മിതിയുടെ പൂര്‍ത്തീകരണത്തോടുകൂടി ഉപ്പുവെള്ളം കയറുന്നത് തടയുകയും 18 കിലോമീറ്ററോളം ഭാഗത്തേക്ക് ശുദ്ധജലം ഉറപ്പുവരുത്തുവാന്‍ സാധിക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിലനിന്നിരുന്ന നീലേശ്വരം- കയ്യൂര്‍ ബോട്ട് സര്‍വീസ് ആധുനികരീതിയിലുള്ള ടൂറിസം പദ്ധതികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പുനഃസ്ഥാപിക്കുവാന്‍ ഈ സംവിധാനം കൊണ്ട് സാധിക്കും. വളരെ ആകര്‍ഷകമായ പ്രകൃതിഭംഗിയും ജലാശയങ്ങളുടെ ആകര്‍ഷണീയതയും പ്രയോജനപ്പെടുത്തി ഒരു ടൂറിസം നെറ്റ് വര്‍ക്കിനുള്ള പദ്ധതികള്‍ക്കും രൂപം നല്കി വരികയാണെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.
ചിത്രം
ഉദ്ഘാടനത്തിനൊരുങ്ങിയ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ്