ഫോൺ ഉപയോഗത്തിന് വഴക്ക് പറഞ്ഞു; സഹോദരന്റെ പേരിൽ വ്യാജ പീഡനപരാതി നൽകി സ്കൂൾ വിദ്യാർത്ഥിനി
മലപ്പുറം: സമൂഹമാദ്ധ്യമങ്ങളിലെ സൗഹൃദങ്ങൾ ചോദ്യം ചെയ്തതിന്റെ പേരിൽ സഹോദരനെതിരെ പെൺകുട്ടി വ്യാജ പീഡനപരാതി നൽകി. മലപ്പുറം ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരന്തരം ശാരീരിക പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയിൽ സംശയം തോന്നിയ അന്വേഷണ ഉദ്യോഗസ്ഥർ ശാസ്ത്രീയ പരിശോധന നടത്തിയതിലൂടെ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടിയ്ക്ക് ഓൺലൈൻ ക്ളാസിനുവേണ്ടി മാതാപിതാക്കൾ ഫോൺ വാങ്ങി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടി സമൂഹമാദ്ധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിച്ചു. പെൺകുട്ടി അമിതമായി സൗഹൃദങ്ങൾ സ്ഥാപിക്കുന്നത് കണ്ടെത്തിയ സഹോദരൻ കുട്ടിയെ ശകാരിക്കുകയും വീട്ടുകാർ ഫോൺ ഉപയോഗിക്കുന്നത് തടയുകയും ചെയ്തു. ഇതിൽ പ്രകോപിതയായ പെൺകുട്ടി സഹോദരനെതിരെ പീഡന പരാതി തയ്യാറാക്കി ചൈൽഡ്ലൈനിന് കൈമാറുകയായിരുന്നു.ചൈൽഡ്ലൈൻ പ്രവർത്തകർ പരാതി പൊലീസിന് കൈമാറുകയും ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് സി ഐ ബഷീർ അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സഹോദരനെതിരെ കേസെടുത്ത് മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. ഇതിനുശേഷം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ വൈരുദ്ധ്യം കണ്ടെത്തിയ പൊലീസ് പെൺകുട്ടിയെ സൈക്കോളജിസ്റ്റിന്റെ അരികിൽ എത്തിച്ചു. കൗൺസിലിംഗിൽ പെൺകുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിയുകയും ചെയ്തു. ഇത്തരത്തിൽ വ്യാജ പരാതികൾ നിരവധി ലഭിക്കുന്നതിനാലാണ് ശാസ്ത്രീയമായി കേസ് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.