ആയിരത്തോളം തൊഴിലവസരങ്ങളുമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജോബ് ഫെസ്റ്റ് ഡിസംബർ 27-ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കുന്ന കാഞ്ഞങ്ങാട് ജോബ് ഫെസ്റ്റ് ഡിസംബർ 27-ന് തിങ്കളാഴ്ച രാവിലെ 9.30-ന് ആരംഭിക്കും. തൊഴിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി തൊഴിൽമേള ഉദ്ഘാടനം ചെയ്യും. ഹോസ്ദുർഗ്ഗ് ഗവ. ഹയർസെക്കന്ററി സ്കൂളിലാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. മുപ്പതോളം വരുന്ന സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കും.
ഐ.ടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൌണ്ടിംഗ്, ക്ലറിക്കൽ, മാനേജ്മെന്റ് തുടങ്ങി വിവിധ തസ്തികകളിലായി ആയിരത്തോളം തൊഴിലുകളിലേക്കാണ് ഉദ്യോഗാർത്ഥികൾക്ക് അവസരം ഒരുക്കുന്നത്. ഓൺലൈനായി ഉദ്യോഗാർത്ഥികളിൽ നിന്ന് മുൻകൂട്ടി അപേക്ഷ ക്ഷണിച്ചിരുന്നു. 3500ലധികം അപേക്ഷകർ ഇതിനകം മേളയിലേക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോവിഡാനന്തരം ഗൾഫിൽ നിന്നും മടങ്ങിയ അഭ്യസ്ത വിദ്യർക്കും തൊഴിൽ രഹിതരായ ചെറുപ്പക്കാർക്കും മേള ഏറെ ഗുണം ചെയ്യും. യുവതീ യുവാക്കൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, മത്സര പരീക്ഷാ പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഇതൊരു തുടർ പ്രക്രിയയായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് കൊണ്ടുപോകും. സംസ്ഥാനത്തുതന്നെ ഇത്ര വിപുലമായ നിലയിൽ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ തദ്ദേശ പഞ്ചായത്ത്. സ്വയംഭരണ സ്ഥാപനമാവുകയാണ് കാഞ്ഞങ്ങാട് ബ്ലോക്ക്
വൈവിധ്യമായ മേഖലയിൽ എങ്ങനെ ഇടപെടാം എന്ന ആലോചനയാണ് ബ്ലോക്ക് പഞ്ചായത്ത് നടത്തുന്നത്. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർ എന്നത് കോവിഡാനന്തര കേരളത്തിലെ ഏറ്റവും വലിയ ആശങ്കയുമാണ്. ഇതിനെ മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പരമ്പരാഗത രീതിയിൽ മാത്രം ഇടപെട്ടാൽ പോര, ബ്ലോക്ക് പഞ്ചായത്ത് സംവിധാനത്തിന്റെ പരിമിതികളെ മറികടക്കാനുള്ള വ്യത്യസ്തമായ ഇടപെടലിന്റെ ഭാഗമായാണ് ഇത്തരം മെഗാ തൊഴിൽമേള ഒരുക്കുന്നത്.പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ, വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത, എം. അബ്ദുൾ റഹ്മാൻ, എം.കെ.വിജയൻ, കെ.സീത സംബന്ധിച്ചു.