ഭർത്താവിനെതിരെ പരാതി നൽകാനെത്തിയ യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായി പൊലീസുകാരൻ, ഒടുവിൽ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് അകത്ത്
-തിരുവനന്തപുരം: 16 കാരിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച വിതുര പൊലീസ് സ്റ്റേഷൻ സി.പി.ഒ കളളിപ്പാറ പച്ച പാലോട് റോസ് വില്ലയിൽ അനൂപിനെ (39) 14 ദിവസം റിമാൻഡ് ചെയ്തു. പ്രതിയക്ക് ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് പ്രതിയെ റിമാൻഡ് ചെയ്തത്. ഭർത്താവുമായുള്ള പ്രശ്നം തീർക്കാൻ സ്റ്റേഷനിലെത്തിയ കുട്ടിയുടെ മാതാവുമായി അടുത്ത പൊലീസുകാരൻ കുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകനായി. ഇതിനിടെ കുട്ടിയെ പലതവണ പീഡിപ്പിയ്ക്കാനും ശ്രമിച്ചു. കുട്ടി ഇക്കാര്യം മാതാവിനെ അറിയിച്ചെങ്കിലും പൊലീസുകാരനെ സഹായിക്കുന്ന സമീപനമായിരുന്നു അമ്മയുടേത്. ഗത്യന്തരമില്ലാതെ കുട്ടി ബാലാവകാശ കമ്മീഷനെ സമീപിച്ച് പരാതി നൽകി. കമ്മീഷൻ നിർദ്ദേശ പ്രകാരമാണ് പൊലീസ് പ്രതിയ്ക്കെതിരെ കേസെടുത്തത്.കുട്ടിയുടെ അമ്മയാണ് കേസിലെ രണ്ടാം പ്രതി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി.