കൊച്ചി:സിനിമാ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്. ഷെയ്ന് നിഗത്തിനെ നായകനാക്കി നവാഗതനായ ഡിമല്‍ ഡെന്നീസ് രചനയും സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു.
റെക്സ് വിജയന് ഈണമിട്ട് പാടിയ താഴ്വാരങ്ങള്‍ എന്ന ഗാനമാണ് പുറത്തുവിട്ടത്. റെക്സിന്റെ ഗാനത്തിന് കിടിലന്‍ നൃത്തചുവടുകളുമായാണ് ഷെയ്ന് എത്തിയിരിക്കുന്നത്.ആദ്യമായിട്ടാണ് ഷെയ്ന് നിഗം ഒരു ഡാന്‍സാറായി അഭിനയിക്കുന്നത്. അന്‍വര്‍ അലിയാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിതത്തിന്റെ തിരക്കഥ സംവിധായകനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.മാജിക് മൗണ്ടെയിന് സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.’എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.
ഫോര്‍ട്ട് കൊച്ചി- മട്ടാഞ്ചേരി ഭാഗത്തു ജീവിക്കുന്ന ഒരുകൂട്ടം ആളുകളുടേയും അവരുടെ ഇടയിലെ സങ്കീര്‍ണമായ ബന്ധങ്ങളുടെയും കഥയാണ് വലിയ പെരുന്നാള്‍ പറയുന്നത്. ഇവരുടെ ദൈനം ദിന ജീവിതത്തിലെ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവവികാസങ്ങളുടേയും കൂടി കഥയാണ് ചിത്രം പറയുന്നത്.അന്തരിച്ച പ്രശസ്ത നടന് ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് വലിയപെരുന്നാള് നേരത്തെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററിനും ലിറിക്കല്‍ ഗാനത്തിനും മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.
ക്രിസ്മസ് റിലീസായി ഡിസംബര്‍ 20 നാണ് ചിത്രം തിയറ്ററില്‍ എത്തുക.നേരത്തെ ഈദ് റിലീസായി എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം ചില സാങ്കേതിക കാരണങ്ങള്‍കൊണ്ട് വൈകുകയായിരുന്നു. ഷെയ്നിന് പുറമെ വിനായകന്, ജോജു ജോര്‍ജ്, സൗബിന് ഷാഹിര്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.