വിശ്വസുന്ദരി ഹർനാസ് സന്ധു ബോളിവുഡിൽ അഭിനയിക്കും, പക്ഷേ ഒരു വമ്പൻ ഡിമാൻഡുണ്ട്
മുംബയ്: ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് വിശ്വസുന്ദരിപ്പട്ടം എത്തിച്ച ഹർനാസ് സന്ധുവിനെ അഭിനന്ദിക്കാൻ ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെയുണ്ടായിരുന്നു. അന്ന് മുതൽ പലരും ചോദിച്ചിരുന്ന ചോദ്യമാണ് ഹർനാസ് സിനിമയിൽ അഭിനയിക്കുമോ എന്നത്. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമയിൽ അഭിനയിക്കുമെന്നും തന്റെ തൊഴിൽ തന്നെ അഭിനയമാണെന്നും ഹർനാസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി താൻ നാടകരംഗത്ത് സജീവമാണെന്നും സിനിമാ അഭിനയം തന്റെ പരിഗണനയിലുള്ള കാര്യം തന്നെയാണെന്നും ഹർനാസ് വ്യക്തമാക്കി.എന്നാൽ സിനിമയിൽ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ ഓടിനടക്കുന്ന ആളല്ല താനെന്നും മികച്ച കഥാപാത്രങ്ങൾ ലഭിച്ചാൽ മാത്രമേ താൻ സിനിമാ രംഗത്തേക്ക് പ്രവേശിക്കൂ എന്നും ഹർനാസ് വ്യക്തമാക്കി. വെറുതേ നായകനൊപ്പം നൃത്തം ചെയ്യാനും പാട്ട് പാടാനും വേണ്ടി മാത്രമുള്ള കഥാപാത്രങ്ങളോട് തനിക്ക് താത്പര്യമില്ലെന്നും സമൂഹത്തിലും സിനിമാരംഗത്തും സ്ത്രീകളെ കുറിച്ച് നിലനിൽക്കുന്ന കാഴ്ചപ്പാട് തിരുത്തികുറിക്കാൻ സഹായിക്കുന്ന കഥാപാത്രങ്ങൾ ലഭിച്ചാൽ താൻ തീർച്ചയായും സിനിമാ അഭിനയം പരീക്ഷിക്കുമെന്നും ഹർനാസ് സൂചിപ്പിച്ചു.സഞ്ജയ് ലീലാ ബൻസാലിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകനെന്നും ബോളിവുഡ് താരം ഷാരുഖ് ഖാനെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ഹർനാസ് പറഞ്ഞു. പറയത്തക്ക പിന്തുണയൊന്നും ഇല്ലാതെ വന്നിട്ടും സ്വന്തം പരിശ്രമം കൊണ്ട് മാത്രം ഇന്നത്തെ നിലയിൽ എത്തിയ ഷാരൂഖ് ഖാനോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും എന്നെങ്കിലും ഒരിക്കൽ ഇവരിരുവർക്കുമൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഹർനാസ് പറഞ്ഞു.